അന്താരാഷ്ട്ര മാനുഷിക നിയമ ലംഘനങ്ങൾ ഇസ്രായേൽ അവസാനിപ്പിക്കണം; സ്കൂൾ ആക്രമണത്തെ അപലപിച്ച് യു.എൻ മേധാവി

യുനൈറ്റഡ് നാഷൻസ്: ഫലസ്തീനികളുടെ അഭയകേന്ദ്രമായി പ്രവർത്തിച്ചിരുന്ന മധ്യ ഗസ്സയിലെ സ്‌കൂളിനുമേൽ  ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് യു.എൻ മേധാവി അന്‍റോണിയോ ഗുട്ടെറസ്. അന്താരാഷ്ട്ര മാനുഷിക നിയമത്തി​ന്‍റെ ലംഘനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നൽകുന്ന യു.എന്നി​ന്‍റെ നിയ​ന്ത്രണത്തിലുള്ള സ്കൂളിന് നേരെയുള്ള ആക്രമണം സ്വീകാര്യമല്ല. ഗസ്സയിൽ സംഭവിക്കുന്നത് അംഗീകരിക്കാനാവില്ല. മരിച്ചവരിൽ ആറ് ഉനർവ തൊഴിലാളികളും ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

എന്നാൽ, ഹമാസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ ലക്ഷ്യമിട്ടാണ് സ്കൂൾ ആക്രമിച്ചതെന്നാണ് ഇസ്രായേലി​ന്‍റെ വാദം. ഇസ്രയേലി​ന്‍റെ അറബി ഭാഷാ സൈനിക വക്താവ് അവിചയ് അദ്രായി നുസൈറത്തിലെ ജൗനി സ്‌കൂളി​നെതിരായ ആക്രമണത്തെ ന്യായീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. തെളിവുകളൊന്നും നൽകാതെയുള്ള പോസ്റ്റിൽ ഇത് ഒരു സ്കൂളായി മുമ്പ് ഉപയോഗിച്ചിരുന്നുവെന്നും എന്നാൽ ഇ​പ്പോൾ ‘ഹമാസ് കമാൻഡ് ആൻഡ് കൺട്രോൾ കോംപ്ലക്സ്’ആണെന്നും അവകാശപ്പെട്ടു. ‘സോഷ്യൽ മീഡിയയിലും വാർത്താ ചാനലുകളിലും പ്രസിദ്ധീകരിച്ച ഇരകളുടെ പേരുകളിൽ പലതും ഇസ്രായേൽ പൗരന്മാർക്കും ഐ.ഡി.എഫ് സേനക്കും എതിരായ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഹമാസ് ഭീകരരുടേതാണെന്നും ഇയാൾ വാദിച്ചു.

ഒക്‌ടോബർ ഏഴിനുശേഷം ഇത് അഞ്ചാം തവണയാണ് യു.എന്നി​ന്‍റെ നിയന്ത്രണത്തിലുള്ള സ്‌കൂളിനുനേരെ ഇസ്രായേൽ ആക്രമണം നടത്തുന്നതെന്ന് ഗസ്സ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബാസൽ പറഞ്ഞു. ബുധനാഴ്ചത്തെ ആക്രമണത്തിൽ മരിച്ച ജീവനക്കാർ സ്കൂളിൽ അഭയം തേടിയ കുടുംബങ്ങൾക്ക് സഹായം നൽകുന്നവരായിരുന്നുവെന്നും ത​ന്‍റെ ഏജൻസിയുടെ 220 സ്റ്റാഫുകളെങ്കിലും ഗസ്സയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഉനർവയുടെ തലവൻ ഫിലിപ്പ് ലസാരിനി പ്രതികരിച്ചു. ഗസ്സയിലെ അവസാനമില്ലാത്തതും വിവേകശൂന്യവുമായ കൊലപാതകങ്ങളെ ലസാരിനി അപലപിച്ചു. യുദ്ധത്തി​ന്‍റെ തുടക്കം മുതൽ മനുഷ്യത്വപരമായ പ്രവർത്തനങ്ങളിലേർപ്പെട്ട ഉദ്യോഗസ്ഥരും പരിസരങ്ങളും തീർത്തും അവഗണിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിനുശേഷമുള്ള രംഗങ്ങൾ ഹൃദയം തകർക്കുന്നതാണെന്ന് സെൻട്രൽ ഗസ്സയിലെ ദേർ അൽ ബലാഹിൽ നിന്ന് അൽ ജസീറ ലേഖകൻ ഹാനി മഹമൂദ് പറഞ്ഞു.സ്ത്രീകളും കുട്ടികളും ചിതറിത്തെറിച്ചു. കൊല്ലപ്പെട്ട പ്രിയപ്പെട്ടവരോട് ആളുകൾ വിടപറയുന്ന രംഗം താങ്ങാനാവാത്തതാണ്. യു.എൻ നടത്തുന്ന അഭയകേന്ദ്രങ്ങൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമായല്ല ഞങ്ങൾ കാണുന്നത്. ഈ സൗകര്യങ്ങൾ അവർ അടയാളപ്പെടുത്തിയിരിക്കുന്നു. അവയുടെ കോർഡിനേറ്റർമാർ ഇസ്രായേൽ സൈന്യവുമായി അത് പങ്കിടുന്നു. സ്കൂളുകൾ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ അഭയകേന്ദ്രങ്ങളായി മാറിയതായി അറിഞ്ഞുകൊണ്ടുതന്നെയാണിതെന്നും ഹാനി മഹമൂദ് പറഞ്ഞു.

Tags:    
News Summary - UN chief condemns ‘violations’ of humanitarian law after six Unrwa staff killed in Israeli airstrike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.