വാഷിങ്ടൺ: യു.എൻ സമാധാനസംഘത്തിന് നേരെ ഇസ്രായേൽ മനപ്പൂർവം വെടിയുതിർത്തു. ലബനാനിലാണ് സംഭവമുണ്ടായത്. വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റുവെന്നും സമാധാനസംഘം അറിയിച്ചു. ഇത് ഇസ്രായേൽ നടത്തിയ അന്താരാഷ്ട്ര നിയമങ്ങളുടെ ഏറ്റവും പുതിയ ലംഘനമാണ്. ഇതിനെതിരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധവും ശക്തമാവുകയാണ്.
നകൗരയിലെ യു.എൻ സമാധാനസേനയുടെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. തുടർന്ന് വാഹനങ്ങൾക്ക് കേടുപാട് വരുത്തുകയും കമ്യൂണിക്കേഷൻ സിസ്റ്റം തകരാറിലാക്കുകയും ചെയ്തുവെന്നും യു.എൻ വ്യക്തമാക്കി.
ടാങ്ക് ഷെല്ലുകളും ചെറു ആയുധങ്ങളും ഉപയോഗിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ലബനാനിലെ യു.എൻ സമാധാനസേനയുടെ ഉദ്യോഗസ്ഥ ആൻഡ്രിയ തെനന്റി പറഞ്ഞു. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
കഴിഞ്ഞ 12 മാസത്തിനിടെ തങ്ങൾ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇതെന്ന് യു.എൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യു.എൻ രക്ഷാസമിതിയുടെ നിർദേശപ്രകാരമാണ് അവിടെ തുടരുന്നത്. നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നത് വരെ ലബനാനിൽ തുടരുമെന്നും സംഘടന അറിയിച്ചു.
അതേസമയം, ൈദർ അൽ ബലഹിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളിനുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 മരിച്ചു. മരിച്ചവരിലധികവും സ്ത്രീകളും കുട്ടികളുമാണ്. 54 പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. സ്കൂൾ കേന്ദ്രീകരിച്ച് ഹമാസിന്റെ സൈനിക കേന്ദ്രമുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം. എന്നാൽ, ഇക്കാര്യം ഹമാസ് നിഷേധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.