ഗസ്സയിൽ അഭയാർഥികൾ താമസിക്കുന്ന സ്കൂളിന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; 18 പേർ കൊല്ലപ്പെട്ടു

തെൽ അവീവ്: ഇസ്രായേൽ ആക്രമണത്തിൽ ആറ് ജീവനക്കാർ കൊല്ലപ്പെട്ടുവെന്ന് യു.എൻ. സെൻട്രൽ ഗസ്സയിൽ യു.എൻ നടത്തുന്ന സ്കൂളുകളിലൊന്നിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിൽ സംഘർഷം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഒരു ആക്രമണത്തിൽ ഇത്രയും ജീവനക്കാർ മരിക്കുന്നതെന്ന് യു.എൻ അറിയിച്ചു.

ഇസ്രായേൽ നുസ്രേത്ത് അഭയാർഥി ക്യാമ്പിലെ അൽ-ജൗനി സ്കൂളിന് നേരെ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടുവെന്ന് ആശുപത്രി അധികൃതരും ഹമാസ് സിവിൽ ഡിഫൻസ് ഏജൻസിയും അറിയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ഫലസ്തീനികൾ അഭയാർഥികളായി കഴിയുന്ന ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്.

കഴിഞ്ഞ 11 മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് യു.എൻ നടത്തുന്ന സ്കൂളിന് നേരെ ആക്രമണമുണ്ടാവുന്നതെന്ന് ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസി അറിയിച്ചു. ജൂലൈ 16ന് നടത്തിയ സമാനമായൊരു ആക്രമണത്തിൽ 16 പേരാണ് കൊല്ലപ്പെട്ടത്.

ഒക്ടോബർ ഏഴിലെ ആക്രമണത്തിന് തിരിച്ചടിയായി ഹമാസിനെതിരായി ഇസ്രായേൽ തുടങ്ങിവെച്ച യുദ്ധത്തിൽ ഇതുവരെ 41,080 പേരാണ് മരിച്ചത്. ആക്രമണം മൂലം ലക്ഷക്കണക്കിനാളുകൾ അഭയാർഥിയാവുകയും ചെയ്തു.

യു.എന്നിനേയും സിവിലിയൻമാരേയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അപലപിക്കപ്പെടേണ്ടതാണെന്നും യു.എൻ വക്താവ് സ്റ്റീഫൻ ദുജാറിക് പറഞ്ഞു.

Tags:    
News Summary - UN says Israeli strike killed six of its Gaza staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.