യു.എൻ മനുഷ്യാവകാശ സമിതിയിൽനിന്ന് റഷ്യയെ സസ്‍പെൻഡ് ചെയ്തു

യു.എൻ: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയിൽനിന്ന് റഷ്യയെ സസ്‍പെൻഡ് ചെയ്തു. യു.എൻ പൊതു അസംബ്ലി 24നെതിരെ 93 വോട്ടോടെയാണ് റഷ്യക്കെതിരായ നടപടി അംഗീകരിച്ചത്. അതേസമയം, വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശവും സാധാരണ ജനങ്ങൾക്കുനേരെ അക്രമം അഴിച്ചുവിട്ടതുമാണ് യു.എൻ മനുഷ്യാവകാശ സമിതിയിൽനിന്ന് സസ്‍പെൻഡ് ചെയ്യാൻ കാരണം.

വെടിനിർത്തണമെന്നും എല്ലാ റഷ്യൻ സൈനികരെയും പിൻവലിക്കണമെന്നും സിവിലിയന്മാർക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം യു.എൻ അസംബ്ലി അംഗീകരിച്ച രണ്ട് പ്രമേയങ്ങളിലെ വോട്ടിനേക്കാൾ വളരെ കുറവാണ് റഷ്യയെ സസ്‍പെൻഡ് ചെയ്യാൻ രേഖപ്പെടുത്തിയത്. 140 രാജ്യങ്ങളായിരുന്നു അന്ന് പ്രമേയത്തെ പിൻതാങ്ങിയത്. 2006ൽ നിലവിൽവന്ന യു.എൻ മനുഷ്യാവകാശ സമിതിയിൽനിന്ന് സസ്‍പെൻഡ് ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് റഷ്യ. 2011ൽ ലിബിയയെയാണ് ആദ്യം പുറത്താക്കിയത്.

റഷ്യയുമായുള്ളത് സാമ്പത്തികബന്ധം; രാഷ്ട്രീയ നിറം നൽകേണ്ടെന്ന് ഇന്ത്യ

ന്യൂഡൽഹി: റഷ്യയുമായുള്ള ബന്ധത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ലെന്ന് ഇന്ത്യ. റഷ്യയുമായി സാമ്പത്തികബന്ധങ്ങളുണ്ട്. അത് കൂടുതൽ ശക്തമാക്കാനാണ് ശ്രമിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. യുക്രെയ്ൻ യുദ്ധം പരിഗണിക്കാതെ ഇന്ത്യ റഷ്യയുമായി ബന്ധം തുടരുന്നതിൽ പടിഞ്ഞാറൻ രാജ്യങ്ങൾ ഉയർത്തിയ വിമർശനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബഗ്ചി. ഇരു രാജ്യങ്ങൾക്കുമിടയിലെ പണമിടപാട് എങ്ങനെയാകണം എന്നതിൽ ചർച്ച തുടരുകയാണ്. റഷ്യ ബന്ധത്തിൽ തുറന്ന സമീപനമാണുള്ളതെന്നും ബഗ്ചി പറഞ്ഞു.

Tags:    
News Summary - UN suspends Russia from human rights body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.