വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിലെ ആശുപത്രിയിൽ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും വേഷം ധരിച്ചെത്തിയ ഇസ്രായേൽ സൈനികർ മൂന്ന് ഫലസ്തീനികളെ വെടിവെച്ച് കൊന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ജെനിനിലെ ഇബ്നു സിന ആശുപത്രിയിലാണ് ഇസ്രായേൽ സൈന്യം കൊലപാതകം നടത്തിയത്. പത്തിലേറെ ഇസ്രായേൽ സൈനികർ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്‍റെയും വേഷത്തിലെത്തുന്നതും തോക്കുകൾ പുറത്തെടുത്ത് വെടിയുതിർക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
കൊല്ലപ്പെട്ടവരിൽ ഒരാൾ ഇസ്രായേലിനെതിരെ ആക്രമണം പദ്ധതിയിട്ടെന്നും മറ്റ് രണ്ട് പേർക്ക് അടുത്തിടെയുണ്ടായ അക്രമങ്ങളിൽ പങ്കുണ്ടെന്നുമാണ് ഇസ്രായേൽ സൈന്യം ആരോപിക്കുന്നത്. തങ്ങളുടെ അണ്ടർകവർ യൂനിറ്റ് മൂന്ന് 'ഹമാസ് തീവ്രവാദികളെ' കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഫലസ്തീൻ അധികൃതരുടെ ഭാഗത്തുനിന്ന് കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. മൂന്ന് പേർ കൊല്ലപ്പെട്ട കാര്യം 'വോയിസ് ഓഫ് ഫലസ്തീൻ' റേഡിയോ സ്ഥിരീകരിച്ചു.
അതേസമയം, ഗസ്സയിലും അതിക്രൂരമായ നരവേട്ട ഇസ്രായേൽ തുടരുകയാണ്. ഇന്നലെ മാത്രം 114 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 249 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഗസ്സയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 26,751 ആയി. പരിക്കേറ്റവരുടെ എണ്ണം 65,636ഉം ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.