വാഷിങ്ടൺ ഡി.സി: ഫെബ്രുവരി നാലിന് വെടിവെച്ചിട്ട 'ചൈനീസ് ചാര ബലൂണിന്‍റെ' ചിത്രം പുറത്തുവിട്ട് യു.എസ് എയർഫോഴ്സ്. ബലൂണിനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ വിമാനത്തിൽ നിന്നെടുത്ത ചിത്രമാണ് പുറത്തുവിട്ടത്. കൂറ്റൻ ബലൂണും അതിന് താഴെയായി ഇലക്ട്രോണിക് പാനലുകളും ചിത്രത്തിൽ കാണാം.
ചൈനീസ് ചാര ബലൂണാണിതെന്ന് ആരോപിച്ച് യു.എസ് വിമാനങ്ങൾ അയച്ച് ബലൂൺ വെടിവെച്ച് വീഴ്ത്തിയിരുന്നു. എന്നാൽ, വഴിതെറ്റിയെത്തിയ കാലാവസ്ഥാ നിരീക്ഷണ ബലൂണാണെന്നാണ് ചൈനയുടെ വാദം. ഇതിന് പിന്നാലെ യു.എസ്-ചൈന ബന്ധം കൂടുതൽ വഷളാകുകയും ചെയ്തു.
എഫ് 22 ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ചാണ് ഫെബ്രുവരി നാലിന് ബലൂൺ വെടിവെച്ചിട്ടത്. സൗത്ത് കരോലിനക്ക് സമീപം സമുദ്രത്തിൽ പതിച്ച ബലൂണിന്‍റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായി യു.എസ് അറിയിച്ചു. കപ്പലുകളും ബോട്ടുകളും ഉപയോഗിച്ച് തെരച്ചിൽ നടത്തിയാണ് പാനൽ ഉൾപ്പെടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇവ അന്വേഷണത്തിനായി എഫ്.ബി.ഐക്ക് കൈമാറിയിരിക്കുകയാണ്.
ഇതിന് പിന്നാലെ മൂന്ന് ബലൂണുകൾ കൂടി യു.എസ് വെടിവെച്ചിട്ടിരുന്നു. അലാസ്ക, കാനഡ അതിർത്തി മേഖല, ഹുരോൺ ലേക് എന്നിവിടങ്ങളിലാണ് ബലൂണുകൾ വെടിവെച്ചിട്ടത്. ആദ്യം കണ്ടെത്തിയതിനെക്കാൾ ചെറുതാണ് ഇവ.
അതേസമയം, ചൈനയുടെ ചാര പദ്ധതിയുടെ ഭാഗമാണോ, അതോ മറ്റേതെങ്കിലും രാജ്യത്തിന്‍റേതാണോ ബലൂണുകൾ എന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് ഫെബ്രുവരി 16ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പ്രതികരിച്ചത്. റഡാർ നിരീക്ഷണം ശക്തമാക്കിയതോടെ സമാന രീതിയിലുള്ള കൂടുതൽ ബലൂണുകൾ കണ്ടെത്തിയെന്നും ബൈഡൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.