നെതന്യാഹുവിനെയും ഗാലന്റിനെയും അറസ്റ്റ് ചെയ്യു​മെന്ന് ലോകരാഷ്ട്രങ്ങൾ; അന്താരാഷ്ട്ര കോടതി വിധിയിൽ വിവിധ രാജ്യങ്ങളുടെ പ്രതികരണം ഇങ്ങനെ...

ഹേഗ്: ഗസ്സയിലെ യുദ്ധകുറ്റങ്ങൾക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യൊആവ് ഗാലൻറിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ സ്വാഗതം ചെയ്ത് ലോകരാഷ്ട്രങ്ങൾ. ഇരുവരെയും അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കണ​മെന്ന് വിവിധ രാഷ്ട്രത്തലവൻമാർ ആഹ്വാനം ചെയ്തു. ഇരുവരും തങ്ങളുടെ രാജ്യത്ത് പ്രവേശിച്ചാൽ ഐ.സി.സി നിയമമനുസരിച്ച് അറസ്റ്റ് ചെയ്ത് ഹേഗിലെ കോടതി ആസ്ഥാനത്ത് എത്തിക്കുമെന്നും വിവിധ രാജ്യങ്ങൾ വ്യക്തമാക്കി.

എല്ലാവരും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും ഇത് എറെ പ്രധാനമാണെന്നും കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. കാനഡ അന്താരാഷ്ട്ര കോടതി വിധികൾ പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെതന്യാഹുവിനും ഗാലൻറിനുമെതിരായ ഐ.സി.സി വാറന്റുകൾ രാഷ്ട്രീയപരമല്ലെന്നും എല്ലാ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും കോടതി വിധി മാനിച്ച് അത് നടപ്പാക്കണമെന്നും യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെൽ ആവശ്യപ്പെട്ടു. എല്ലാ യോറോപ്യൻ രാജ്യങ്ങളും റോം ഉടമ്പടി അംഗീകരിച്ചവരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഗസ്സയിൽ സ്ത്രീകളും കുട്ടികളെയുമടക്കം കൂട്ട​ക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകർത്ത് യുദ്ധക്കുറ്റം ചെയ്യുന്നതിനുമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യൊആവ് ഗാലൻറിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി) ഇന്നലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഐ.സി.സി പ്രീ-ട്രയൽ ചേംബർ (ഒന്ന്) ലെ മൂന്ന് ജഡ്ജിമാർ ഏകകണ്ഠമായാണ് ഇവർക്കെതി​രെ വാറന്റ് പുറപ്പെടുവിച്ചത്.

വാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ ഐ.സി.സി അംഗത്വമുള്ള 120ലധികം രാജ്യങ്ങളിൽ എതിലേക്കെങ്കിലും യാത്ര ചെയ്താൽ ഇരുവരെയും അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കും. അറസ്റ്റിലായാൽ വിചാരണക്കായി ഇരുവരെയും ഹേഗിലെ കോടതിയിൽ ഹാജരാക്കണ​മെന്നും കോടതി ഉത്തരവിട്ടു.

റോം ഉടമ്പടിയോടും അന്താരാഷ്ട്ര നിയമങ്ങളോടുമുള്ള തങ്ങളുടെ പ്രതിബദ്ധതയും കടമയും നിറവേറ്റുമെന്ന് നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, അയർലൻഡ്, ഇറ്റലി, സ്‌പെയിൻ, ഓസ്ട്രിയ എന്നീ രാജ്യങ്ങൾ വ്യക്തമാക്കി.

ഐസിസി ചട്ടങ്ങൾ പാലിക്കുമെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമോ എന്ന് സ്ഥിരീകരിക്കാൻ നിയമ സങ്കീർണ്ണത ചൂണ്ടിക്കാട്ടി വിസമ്മതിച്ചു. ഐ.സി.സിയുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നതായി ബ്രിട്ടൻ പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.

ഐസിസി ഉത്തരവ് ന്യായമായ രീതിയിൽ നടപ്പാക്കുന്നത് പ്രാധാന്യമുള്ള കാര്യമാണെന്ന് നോർവേ വിദേശകാര്യ മന്ത്രി എസ്‌പെൻ ബാർത്ത് ഈഡെ പറഞ്ഞു. കോടതി കേസുമായി മുന്നോട്ട് പോകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതിയുടെ സുപ്രധാന തീരുമാനങ്ങളെ പിന്തുണയ്ക്കുകയും അതിൻറെ സ്വാതന്ത്ര്യവും സമഗ്രതയും സംരക്ഷിക്കുകയും ചെയ്യുമെന്ന് സ്വീഡിഷ് വിദേശകാര്യ മന്ത്രി മരിയ മാൽമർ സ്റ്റെനർഗാർഡ് പറഞ്ഞു. ഐ.സി.സി വാറന്റ് ലിസ്റ്റിലുള്ളവർ സ്വീഡന്റെ മണ്ണിലെത്തിയാൽ നിയമപാലകർ അറസ്റ്റ് ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.

ഫലസ്തീനികളെ വംശഹത്യ നടത്തുന്ന ഇസ്രായേൽ ഭരണാധികാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ ഐ.സി.സി അറസ്റ്റ് വാറന്റ് പ്രതീക്ഷാജനകമാണെന്നും വാറൻറ് സുപ്രധാന ചുവടുവെപ്പാണെന്നും തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ പറഞ്ഞു. ഫലസ്തീനികൾക്ക് നീതി ലഭിക്കണമെന്നും ഐസിസി വിധി മാനിക്കുകയും നടപ്പാക്കുകയും ചെയ്യണമെന്നും ജോർദാൻ വിദേശകാര്യ മന്ത്രി അയ്‌മൻ സഫാദി അഭിപ്രായപ്പെട്ടു.

ഫലസ്തീനിലെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും യുദ്ധക്കുറ്റങ്ങൾക്കും ഉത്തരവാദികൾക്കെതിരെയുള്ള അറസ്റ്റ് വാറന്റ് നീതിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാ​ണെന്ന് ദക്ഷിണാഫ്രിക്ക ചൂണ്ടിക്കാട്ടി. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതി​യെ സമീപിച്ചിരുന്നു.

അതേസമയം, അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള കോടതിയുടെ തീരുമാനത്തെ തള്ളിക്കളയുന്നതായാണ് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് പ്രതികരിച്ചത്. തിരക്കിട്ട് അറസ്റ്റ് വാറന്റ് തേടാനുള്ള പ്രോസിക്യൂട്ടറുടെ നടപടിയിൽ അമേരിക്ക ആശങ്കാകുലരാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഇന്ന് മനുഷ്യരാശിയുടെ ചരിത്രത്തിലെ കറുത്ത ദിനമാണെന്നും മനുഷ്യരാശിയെ സംരക്ഷിക്കാൻ വേണ്ടി കണ്ടുപിടിച്ച ഹേഗിലെ അന്താരാഷ്ട്ര കോടതി ഇന്ന് മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുന്നുവെന്നുമാണ് വിധിയെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പ്രതികരണം. ‘ഇത് ശത്രുക്കൾക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള നമ്മുടെ അവകാശത്തിൽ നിന്ന് നമ്മെ തടയാൻ ലക്ഷ്യമിട്ടുള്ള യഹൂദവിരുദ്ധ നടപടിയാണ്’ -സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ നെതന്യാഹു ആരോപിച്ചു. ഐ.സി.സിയുടെ തീരുമാനത്തെ രാജ്യങ്ങൾ പിന്തുണയ്ക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അന്താരാഷ്ട്ര കോടതി ഉത്തരവ് നീതിയിലേക്കുള്ള പാതയിലെ സുപ്രധാന ചുവടുവെപ്പാണെന്നും ഇരകൾക്ക് നീതി ലഭ്യമാക്കുമെന്നും മുതിർന്ന ഹമാസ് നേതാവ് ബാസിം നഈം പറഞ്ഞു. എന്നാൽ, എല്ലാ രാജ്യങ്ങളും ഈ ഉത്തരവ് പ്രായോഗികമായി നടപ്പാക്കാൻ പിന്തുണ നൽകിയി​ല്ലെങ്കിൽ പരിമിതമായ നടപടിയായി ഇത് ചുരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഉത്തരവ് ഇസ്രായേലിലെ എല്ലാ ക്രിമിനൽ അധിനിവേശ നേതാക്കൾക്കും ബാധകമാക്കുന്ന തരത്തിൽ വ്യാപ്തി വിപുലീകരിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയോട് ഹമാസ് ആവശ്യപ്പെട്ടു.

Tags:    
News Summary - US and Israel reject ICC warrant for Netanyahu’s arrest as number of countries signal they will abide by it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.