വാഷിങ്ടൺ/ജനീവ: പട്ടിണി, അടിസ്ഥാന വിഭവക്കമ്മി ഉൾപ്പെടെയുള്ള പ്രതിസന്ധി നേരിടുന്ന അഫ്ഗാനിസ്താന് യു.എസ് 30.8 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വികസനത്തിനായുള്ള യു.എസ് ഏജൻസി വഴിയാണ് സഹായം നൽകുകയെന്ന് വൈറ്റ് ഹൗസ് വക്താവ് എമിലി ഹോൺ ചൊവ്വാഴ്ച അറിയിച്ചു.
ശൈത്യം നേരിടുന്നതിനുള്ള സംവിധാനമൊരുക്കൽ, ആരോഗ്യ പരിപാലനം, താമസമൊരുക്കൽ അടിയന്തര ഭക്ഷ്യ-ജല വിതരണം, ശുചിത്വ സേവനം ഉൾപ്പെടെയുള്ളവക്കാണ് പണം ചെലവഴിക്കുക. സ്വതന്ത്ര ജീവകാരുണ്യ സംഘടനകൾ വഴിയാണ് ഇത് വിതരണം ചെയ്യുകയെന്ന് യു.എസ് വക്താവ് അറിയിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകർക്ക് സ്വതന്ത്രവും സുരക്ഷിതവുമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് യു.എസ്. എയ്ഡ് താലിബാൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
അടിസ്ഥാന വിഭവക്കമ്മിക്ക് പുറമെ കോവിഡ് മൂലമുള്ള ആരോഗ്യ മേഖലയിലെ പ്രതിസന്ധിയും വരൾച്ചയും പോഷകാഹാര കമ്മിയും മൂലം വൻ ദുരന്തത്തിലേക്ക് നീങ്ങുന്ന അഫ്ഗാൻ ജനതക്ക് 500 കോടി ഡോളറിന്റെ ധനസഹായം നൽകാൻ ലോക രാജ്യങ്ങളോട് യു.എൻ അഭ്യർഥിച്ചു. രാജ്യത്തെ ജനങ്ങളിൽ പകുതിയും പട്ടിണിയുടെ പിടിയിലാണെന്ന് അഭയാർഥി-ജീവകാരുണ്യ ആവശ്യങ്ങൾക്കായുള്ള യു.എൻ ഏജൻസി യു.എൻ.എച്ച്.സി.ആർ പറഞ്ഞു.
3.8 കോടി വരുന്ന അഫ്ഗാൻ ജനതയുടെ 38 ശതമാനം പട്ടിണിയുടെ വക്കിലും 36 ശതമാനം ഭക്ഷ്യ അരക്ഷിതാവസ്ഥയിലുമാണ്. ലക്ഷകണക്കിന് വിദ്യാർഥികൾക്ക് സ്കുൾ പഠനം ലഭ്യമല്ല. വരൾച്ച മൂലം കർഷകരും ദുരിതത്തിലാണെന്നും യു.എൻ അധികൃതർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.