ബീജിങ്: ഉയിഗുർ മുസ്ലിംകൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് 2022ൽ ബീജിങ്ങിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന് യു.എസ് . നയതന്ത്രപ്രതിനിധികളെ ചൈനയിലേക്ക് അയക്കില്ലെന്ന് യു.എസ് വ്യക്തമാക്കി. ചൈനയിലെ ഷിൻജിയാൻ പ്രവിശ്യയിൽ ഉയിഗുർ മുസ്ലിംകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ഉൾപ്പടെയുള്ള മനുഷ്യാവകാശ ലംഘനങ്ങളിലാണ് യു.എസ് നടപടി.
ഒളിമ്പിക്സ് ബഹിഷ്കരിക്കുകയാണെന്ന വിവരം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പസ്കിയാണ് അറിയിച്ചത്. ബൈഡൻ ഭരണകൂടം നയതന്ത്ര-ഔദ്യോഗിക പ്രതിനിധികളെ ഒളിമ്പിക്സിന് അയക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഷിൻജിയാൻ പ്രവിശ്യയിൽ ഉൾപ്പടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹിഷ്കരണമെന്ന ആവശ്യം യു.എസ് കോൺഗ്രസിലെ ചില അംഗങ്ങളും ഉയർത്തിയിരുന്നു. എന്നാൽ, നയതന്ത്രതലത്തിലെ ബഹിഷ്കരണം യു.എസ് കായികതാരങ്ങളുടെ ഒളിമ്പിക്സിലെ പങ്കാളിത്തത്തെ ഒരിക്കലും ബാധിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കൂട്ടിച്ചേർത്തു.
എന്നാൽ, യു.എസ് നടപടി രാഷ്ട്രീയ തീരുമാനമായി മാത്രമാണ് വാഷിങ്ടണിലെ ചൈനീസ് എംബസി വിലയിരുത്തിയത്. തീരുമാനം ഒരുതരത്തിലും ഒളിമ്പിക്സിനെ ബാധിക്കില്ല. യു.എസ് രാഷ്്ട്രീയക്കാർക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ ക്ഷണം നൽകിയിട്ടില്ലെന്നും ചൈനീസ് എംബസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.