വംശഹത്യക്ക് വീണ്ടും ശതകോടികളുടെ ആയുധങ്ങൾ; ഇസ്രായേലിന് 2000 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകാൻ യു.എസ്

ന്യൂയോർക്: ലോകം മുഴുക്കെ എതിർപ്പുമായി രംഗത്തുവന്നിട്ടും ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിന് പിന്നെയും വൻ ആയുധശേഖരം കൈമാറാൻ യു.എസ്. 50 എഫ്-15 യുദ്ധവിമാനമടക്കം 2000 കോടി ഡോളറിന്റെ (1,67,872 കോടി രൂപ) ആയുധങ്ങളാണ് ഇസ്രായേലിന് കൈമാറുക. യുദ്ധവിമാനങ്ങൾക്ക് പുറമെ മീഡിയം റേഞ്ച് ‘അംറാം’ മിസൈലുകൾ, 120 മില്ലീമീറ്റർ ടാങ്ക് വെടിമരുന്നുകൾ, ഉഗ്രസ്ഫോടക ശേഷിയുള്ള മോർട്ടാറുകൾ, കവചിത വാഹനങ്ങൾ തുടങ്ങിയവയാണ് നൽകുക. ദീർഘകാലാടിസ്ഥാനത്തിൽ ഇസ്രായേലിനെ മേഖലയിലെ ഏറ്റവും കരുത്തുറ്റ സൈനിക ശക്തിയായി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വമ്പൻ ആയുധ കൈമാറ്റം.

‘‘ഇസ്രായേലിന്റെ സുരക്ഷക്ക് യു.എസ് കടപ്പെട്ടിരിക്കുന്നു. ശക്തവും സജ്ജവുമായ സ്വയംപ്രതിരോധ ശേഷി വികസിപ്പിക്കാനും നിലനിർത്താനും ഇസ്രായേലിനെ സഹായിക്കൽ യു.എസിന്റെ ദേശീയ താൽപര്യത്തിന്റെ ഭാഗവുമാണ്. ഈ ലക്ഷ്യങ്ങളുടെ ഭാഗമായാണ് നിർദിഷ്ട കൈമാറ്റം’’- പെന്റഗൺ വാർത്താക്കുറിപ്പ് പറയുന്നു. യുദ്ധവിമാനങ്ങളും അനുബന്ധ ആയുധങ്ങളും 1900 കോടി ഡോളറിനാണെങ്കിൽ ടാങ്കിന്റെ വെടിമരുന്ന് 77.4 കോടി ഡോളറിനും സൈനിക വാഹനങ്ങൾ 58.3 കോടി ഡോളറിനുമാകും. ടാങ്ക് വെടിമരുന്നുകൾ അടിയന്തരമായി കൈമാറും. ഈ വർഷാദ്യം ഇസ്രായേലിന് 1400 കോടി ഡോളറിന്റെ (1,17,519 കോടി രൂപ) ആയുധങ്ങൾ നൽകാൻ യു.എസ് അംഗീകാരം നൽകിയിരുന്നു.

40,000ത്തോളം സിവിലിയന്മാരെ അറുകൊല നടത്തിയും സ്കൂളുകൾ, ആശുപത്രികൾ, മസ്ജിദുകൾ, യു.എൻ കേന്ദ്രങ്ങൾ എന്നിവയടക്കം സിവിലിയൻ സംവിധാനങ്ങളിൽ വലിയ പങ്കും തകർത്തും 10 മാസത്തിലേറെയായി തുടരുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയടക്കം വിധി പറഞ്ഞിട്ടും ആയുധങ്ങൾ നിർബാധം ഇസ്രായേലിന് എത്തിക്കുന്നത് യു.എസ് തുടരുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ് എന്നിവരെ കോടതി യുദ്ധക്കുറ്റവാളികളായും പ്രഖ്യാപിച്ചതാണ്. ഇസ്രായേൽ സ്വന്തമായി നിർമിക്കുന്ന ആയുധങ്ങളുടെ കയറ്റുമതി റെക്കോഡുകൾ ഭേദിച്ച് തുടരുന്നതിനിടെയാണ് അമേരിക്ക ഇസ്രായേലിന് ആയുധങ്ങൾ എത്തിക്കുന്നത്.

Tags:    
News Summary - US approves sale to Israel of $20 billion weapons package

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.