ബെയ്ജിങ്: ചാരപ്പണി കുറ്റം ചുമത്തപ്പെട്ട് ചൈനയിൽ പിടിയിലായ യു.എസ് പൗരന് ജീവപര്യന്തം. ഹോങ്കോങ്ങിൽ താമസിച്ചുവന്ന യു.എസ് പാസ്പോർട്ടുള്ള ജോൺ ഷിങ് വാൻ ല്യൂങ് എന്ന 78കാരനെയാണ് കിഴക്കൻ ചൈനയിലെ കോടതി ശിക്ഷിച്ചത്. തിങ്കളാഴ്ച നടന്ന വിചാരണയിൽ ഇയാളുടെ രാഷ്ട്രീയ അവകാശങ്ങളും കോടതി എടുത്തുകളഞ്ഞു. ചാരപ്പണി ആരോപിക്കപ്പെട്ട് 2021 ഏപ്രിൽ 15 മുതൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നതായി കോടതി പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ ദക്ഷിണ ചൈന കടലിനെ ചൊല്ലിയും ചാരപ്പണി ആരോപിച്ചും നടക്കുന്ന കടുത്ത പ്രകോപനങ്ങൾക്കിടെയാണ് പുതിയ നീക്കം. ഇരുരാജ്യങ്ങൾക്കുമിടയിൽ സംഭാഷണത്തിന്റെ സാധ്യതകൾ തേടി യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവനും ചൈനീസ് പ്രതിനിധി വാങ് യിയും തമ്മിൽ കഴിഞ്ഞയാഴ്ച സംഭാഷണം നടന്നിരുന്നു.
അതേസമയം, നേരത്തേ അമേരിക്കയിലായിരിക്കെ ചൈനീസ് അനുകൂല സംഘടനയായ യു.എസ്-ചൈന സൗഹൃദ സംഘടനയുടെ മുതിർന്ന അംഗമായിരുന്നു ശിക്ഷിക്കപ്പെട്ട ജോൺ ഷിങ് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.