വാഷിങ്ടൺ: യു.എസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതു ലക്ഷം കടന്നു. കോവിഡിന്റെ വകഭേദമായ ഡെൽറ്റക്കൊപ്പം ഒമിക്രോണുംകൂടി എത്തിയതോടെ രോഗികളുടെ എണ്ണം വർധിച്ചു. രണ്ടു വർഷം മുമ്പ് കോവിഡ് ബാധിച്ച് യു.എസിൽ ഒമ്പതു ലക്ഷം ആളുകൾ മരിക്കുമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാത്ത സ്ഥിതിയായിരുന്നു. എന്നാൽ, അത് യാഥാർഥ്യമായിരിക്കുന്നതായി ബ്രൗൺ യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഡോ. ആഷിക് കെ ജാ പറഞ്ഞു.
നിലവിൽ യു.എസിലെ 49 സംസ്ഥാനങ്ങളിലും കോവിഡ് നിരക്ക് കുറയുകയാണ്. എന്നാൽ, ദിനേന ശരാശരി 2400 പേർ കോവിഡ് ബാധിച്ച് മരിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം നടന്ന രാജ്യവും യു.എസാണ്.
മഹാമാരിക്കാലമായതിനാൽ ഗുരുതര രോഗങ്ങൾ ബാധിച്ചവർക്ക് മതിയായ ചികിത്സ കിട്ടാതെ മരിക്കുന്ന സ്ഥിതിയുമുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. യു.എസിലെ 21.2 കോടി ആളുകൾ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ആകെ ജനസംഖ്യയുടെ 64 ശതമാനം വരുമിത്. 2020 ഡിസംബറിൽ മൂന്നുലക്ഷം ആളുകളാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 2021 ജൂൺ പകുതിയായപ്പോഴേക്കും മരണനിരക്ക് ആറുലക്ഷമായി. ഒക്ടോബർ ആയപ്പോഴേക്കും ഏഴുലക്ഷം ആളുകൾ മരിച്ചു. ഡിസംബർ 14ഓടെ മരണം എട്ടുലക്ഷമായി.
അടുത്തിടെയുണ്ടായ ഒരുലക്ഷം മരണങ്ങളിൽ കൂടുതലും ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ മൂലമാണ്. ഡിസംബറോടെയാണ് യു.എസിൽ ഒമിക്രോൺ വ്യാപനമുണ്ടായത്. ഡെൽറ്റയുടെ അത്ര മാരകമല്ലെങ്കിലും കൂടുതൽ ആളുകൾക്ക് കോവിഡ് പരത്താൻ ഒമിക്രോണിന് സാധിക്കുന്നതിനാലാണ് മരണനിരക്ക് വർധിക്കാൻ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.