നാറ്റോ ഉച്ചകോടിക്കിടെ മോദിയുടെ റഷ്യൻ സന്ദർശനം: യു.എസിന് അതൃപ്തിയെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: നാറ്റോ ഉച്ചകോടി നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദശിച്ചതിൽ മുതിർന്ന യു.എസ് നയതന്ത്രജ്ഞർക്ക് അതൃപ്തിയെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് മോദി റഷ്യയിലെത്തിയത്. യു.എസുമായി നിരവധി വിഷയങ്ങളിൽ സഹകരണ കരാറുകളിൽ ഇന്ത്യ ഏർപ്പെട്ടിരിക്കെയാണ് ആ രാജ്യം ഉപരോധമേർപ്പെടുത്തിയ റഷ്യയിൽ മോദി എത്തിയത്.

മോദി - പുടിൻ കൂടിക്കാഴ്ച മാറ്റിവെക്കണമെന്ന് യു.എസ് പ്രതിനിധികൾ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനോദ് ക്വത്രയോട് നിർദേശിച്ചിരുന്നതായും വിവരമുണ്ട്. ഈ മാസമാദ്യം യു.എസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി കർട്ട് കാംപ്ബലാണ് ആവ‍ശ്യവുമായി രംഗത്തുവന്നത്. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം മാനിക്കുന്നുവെന്നും എന്നാൽ നാറ്റോ ഉച്ചകോടിയുടെ സമയത്ത് ആകരുതെന്നും കാംപ്ബൽ ആവശ്യപ്പെട്ടു.

ചൈനയുമായി തർക്കമുണ്ടായാൽ, റഷ്യ ഇന്ത്യക്കൊപ്പം നിൽക്കില്ലെന്നും അവർ ബെയ്ജിങ്ങിനോട് കൂടുതൽ അടുക്കുകയാണെന്നും യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ മുന്നറിയിപ്പ് നൽകി. റഷ്യയുടെ യുക്രെയൻ ആക്രമണത്തെ ഇന്ത്യ അപലപിക്കാത്തതിലും യു.എസിന് അതൃപ്തിയുണ്ട്.

അതേസമയം ഇന്ത്യ റഷ്യയുമായി അടുക്കുന്നതിലൂടെ, ചൈനയും റഷ്യയുമായി അടുക്കുന്നതിനെ തടയാനാകുമെന്ന് ഒരു വിഭാഗം നയതന്ത്രജ്ഞർ പറയുന്നു. ചൈന - റഷ്യ ബന്ധം ദൃഢമായാൽ യു.എസിന് ഭീഷണിയാകുമെന്നും ഇത് തടയാൻ ഇന്ത്യക്ക് കഴിയുമെന്നും അവർ കണക്കുകൂട്ടുന്നു.

ദ്വിദിന സന്ദർശനത്തിന് മോസ്കോയിലെത്തിയ മോദി, റഷ്യ എക്കാലത്തും ഇന്ത്യയുടെ സുഹൃത്താണെന്ന് പറഞ്ഞിരുന്നു. റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സെന്‍റ് ആൻഡ്രൂ’ മോദി ഏറ്റുവാങ്ങി.

Tags:    
News Summary - US frustrated by PM Modi's Russia visit amid NATO summit: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.