വാഷിങ്ടൺ: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നിൽ. സെനറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. പ്രതീക്ഷിച്ച നേട്ടമില്ലാതെ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി വിജയത്തോടടുക്കുമ്പോൾ, കടുത്ത മത്സരം തുടരുന്ന സെനറ്റിൽ ഡെമോക്രാറ്റുകൾ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ജനപ്രതിനിധി സഭയിൽ 211 സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും 199 സീറ്റുകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമാണ് ലീഡ് ചെയ്യുന്നത്. 218 സീറ്റാണ് ഭൂരിപക്ഷത്തിനുവേണ്ടത്. ഭൂരിപക്ഷത്തിന് 51 സീറ്റുകൾ വേണ്ട സെനറ്റിൽ റിപ്പബ്ലിക്കൻ 48, ഡെമോക്രാറ്റ് 47 എന്ന നിലയിലാണ്. പ്രതീക്ഷിച്ച ആനുകൂല്യം ലഭിക്കാത്ത അരിസോണയിൽ ഡെമോക്രാറ്റുകൾ വിജയം നേടിയതായാണ് സൂചന. റിപ്പബ്ലിക്കൻ സ്ഥാനാർഥി ബ്ലേക്ക് മാസ്റ്റേഴ്സിനെയാണ് നിലവിലെ ഡെമോക്രാറ്റ് സെനറ്റർ മാർക്ക് കെല്ലി തോൽപിച്ചത്. നെവാഡയും ജോർജിയയും അവശേഷിക്കുകയാണ്.
നെവാഡയിൽ ഡെമോക്രാറ്റ് സെനറ്റർ കാതറിൻ കോർട്ടെസ് മാസ്റ്റോയും തമ്മിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ റിപ്പബ്ലിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആദം ലക്‌സാൾട്ട് മുന്നിട്ടുനിൽക്കുകയാണ്. അതേസമയം ഇരു സ്ഥാനാർഥികളും 50 ശതമാനം വോട്ട് നേടാത്ത ജോർജിയയിൽ ഡിസംബർ ആറിന് വീണ്ടും നടക്കുന്ന തെരഞ്ഞെടുപ്പിൽ നിലവിലെ സെനറ്റർ റാഫേൽ വാർനോക്ക് റിപ്പബ്ലിക്കൻ ഹെർഷൽ വാക്കറെ നേരിടും. പെൻസിൽവാനിയയിൽ ശക്തമായ പോരാട്ടത്തിനൊടുവിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോൺ ഫെറ്റർമാൻ റിപ്പബ്ലിക്കൻ മെഹ്മെത് ഓസിനെ പരാജയപ്പെടുത്തി. ന്യൂ ഹാംഷെയറിൽ ഡെമോക്രാറ്റിക് സെനറ്റർ മാഗി ഹസ്സൻ വീണ്ടും വിജയിച്ചു. ഡോൺ ബോൾഡൂക്കിനെയാണ് തോൽപ്പിച്ചത്. വിസ്‌കോൺസനിൽ റിപ്പബ്ലിക്കൻ സെനറ്റർ റോൺ ജോൺസൺ ഡെമോക്രാറ്റ് മണ്ടേല ബാൺസിനെ തോൽപിച്ചു.
ഗവർണർമാരിലും മുൻതൂക്കം ഡെമോക്രാറ്റുകൾക്കാണ്. 435 അംഗ ജനപ്രതിനിധി സഭയിലേക്കും 100 അംഗ സെനറ്റിൽ 35 സീറ്റിലേക്കും 36 സംസ്ഥാന ഗവർണർ സ്ഥാനങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിൽ 100 അംഗ സെനറ്റിൽ 48 സീറ്റുകൾ ഡെമോക്രാറ്റുകൾക്കും 50 സീറ്റുകൾ റിപ്പബ്ലിക്കന്മാർക്കുമാണ്. രണ്ട് സീറ്റുകളിൽ സ്വതന്ത്രരാണ്. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്ക് 220 സീറ്റും റിപ്പബ്ലിക്കന് 212 സീറ്റുമുണ്ട്. മൂന്ന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ള അഭിപ്രായസർവേകൾ റിപ്പബ്ലിക്കന്മാർക്കാണ് വിജയം പ്രവചിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.