ടൈറ്റൻ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി യു.എസ് നാവികസേന ഉദ്യോഗസ്ഥൻ

അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ അടിത്തട്ടിലുള്ള ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ടൈറ്റൻ പേടകം പൊട്ടിത്തെറിക്കുന്നതിന്‍റെ ശബ്ദം കേട്ടിരുന്നതായി യു.എസ് നാവികസേന. പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനു പിന്നാലെയാണ് നാവിക സേനയുടെ അണ്ടര്‍വാട്ടര്‍ സൗണ്ട് മോണിറ്ററിങ് ഉപകരണത്തില്‍ സ്ഫോടന ശബ്ദം രേഖപ്പെടുത്തിയതെന്ന് വാള്‍ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

Full View

പേര് വെളിപ്പെടുത്താത്ത നാവികസേന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. അന്തര്‍വാഹിനികളെ കണ്ടെത്താന്‍ സേന ഉപയോഗിക്കുന്ന രഹസ്യ നിരീക്ഷണ സംവിധാനത്തിലാണ് ശബ്ദം രേഖപ്പെടുത്തിയത്. നാവികസേന ശബ്ദ രേഖ വിശദമായി വിശകലനം ചെയ്തപ്പോൾ പൊട്ടിത്തെറിക്കോ, സ്ഫോടനത്തിനോ സമാനമായ എന്തോ നടന്നതായി സ്ഥിരീകരിക്കാനായെന്ന് റിപ്പോർട്ടിൽ പറയുന്നു. ആശയവിനിമയം നഷ്ടപ്പെടുമ്പോള്‍ ടൈറ്റന്‍ സഞ്ചരിച്ചിരുന്ന പരിസരത്തുനിന്നാണ് ശബ്ദം വന്നതെന്നും റിപ്പോർട്ടിലുണ്ട്.


Full View

പേടകത്തിലെ അഞ്ചു യാത്രികരും മരിച്ചതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചിരുന്നു. ടൈറ്റൻ സമ്മർദത്തിൽ പൊട്ടിത്തെറിച്ചതായാണ് സ്ഥിരീകരണം. ടൈറ്റാനിക് കപ്പലിന്‍റെ സമീപത്തുനിന്ന് വ്യാഴാഴ്ച ടൈറ്റൻ പേടകത്തിന്‍റെ അവശിഷ്ടങ്ങൾ അമേരിക്കൻ തീര സംരക്ഷണ സേന കണ്ടെത്തിയിരുന്നു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ മുൻഭാഗം ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയത്. പിൻഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്.


Full View


പിന്നീട് കൂടുതൽ അവശിഷ്ടങ്ങൾ ലഭിക്കുകയായിരുന്നു. കടലിനടിയിലുണ്ടായ ശക്തമായ മർദത്തിൽ പേടകം ഉൾവലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് സംഘം. ബ്രിട്ടീഷ് പൗരനായ പാകിസ്താനി ബിസിനസുകാരൻ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, ബ്രിട്ടീഷ് ബിസിനസുകാരനും പര്യവേക്ഷകനുമായ ഹാമിഷ് ഹാർഡിങ്, ടൂറിസം പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഓഷ്യൻ ഗേറ്റ് ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൺ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൾ ഹെന്റി നർജിയോലെറ്റ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.

Tags:    
News Summary - US Navy Heard What It Believed Was Titanic Sub Implosion Days Ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.