വാഷിങ്ടൺ: നൂറോളം പേർ കൊല്ലപ്പെട്ട ഇറാനിലെ ഭീകരാക്രമണത്തിന് പിന്നിൽ തങ്ങളോ സഖ്യകക്ഷിയായ ഇസ്രായേലോ ആണെന്ന ആരോപണം തള്ളി യു.എസ്. ‘ഈ സ്ഫോടനത്തിൽ യു.എസിന് ഒരു തരത്തിലും പങ്കില്ല. മറിച്ചുള്ള ആരോപണങ്ങൾ പരിഹാസ്യമാണ്. ഇസ്രായേലിന് പങ്കുണ്ടെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് മുന്നിൽ തെളിവുകളില്ല” -യു.എസ് ആഭ്യന്തര വക്താവ് മാത്യു മില്ലർ ബുധനാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്‌ഫോടനത്തിന് പിന്നിൽ ഇസ്രയേലാണെന്ന സൂചനയൊന്നും അമേരിക്കക്ക് ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബിയും പറഞ്ഞു. ഭീകരാക്രമണത്തിൽ കൊലപ്പെട്ട ഇരകളോടും അവരുടെ പ്രിയപ്പെട്ടവരോടും സഹതാപം പ്രകടിപ്പിക്കുന്നതായും മാത്യു മില്ലർ കൂട്ടിച്ചേർത്തു.
നാല് വർഷം മുമ്പ് യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയ ഇറാൻ സൈനിക തലവൻ ജനറൽ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാർഷിക ചടങ്ങിനിടെയായിരുന്നു ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം. അദ്ദേഹത്തിന്റെ ഖബറിടത്തിന് സമീപമുണ്ടായ ഇരട്ട സ്‌ഫോടനങ്ങളിൽ 95 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ ആരോഗ്യ മന്ത്രി ഡോ. ബഹ്‌റാം അയ്നുല്ല പറഞ്ഞു. നേരത്തെ 103 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു. 200ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
തെക്കൻ നഗരമായ കിർമാനിൽ സാഹിബ് അൽസമാൻ മസ്ജിദിന് സമീപം പ്രകടനമായി ഖബറിനരികിലേക്ക് നീങ്ങിയവർക്കിടയിലാണ് ആദ്യം സ്ഫോടനമുണ്ടായത്. പിന്തിരിഞ്ഞോടിയവർക്കിടയിൽ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും ബോംബ് പൊട്ടി. അക്രമികൾ ഖബർസ്ഥാന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ച സ്‌ഫോടകവസ്തുക്കൾ നിറച്ച രണ്ട് ബ്രീഫ്‌കേസുകൾ റിമോർട്ട് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്തു. ആദ്യ സ്ഫോടനത്തിലാണ് കൂടുതൽ ആളപായമുണ്ടായത്.
ഭീകരാക്രമണമാണിതെന്ന് ആരോപിച്ച കിർമാൻ സുരക്ഷാ മേധാവി റഹ്മാൻ ജലാലി, പിന്നിൽ ആരെന്ന് വ്യക്തമാക്കിയില്ല. ആരും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഫലസ്തീനിലും അയൽരാജ്യമായ ലബനാനിലും ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ നിരവധി പേരുടെ മരണത്തിനിടയാക്കിയ വൻ സ്ഫോടനം മേഖലയിൽ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാക്കുകയാണ്.
2020ൽ ഇറാഖിലാണ് ഖാസിം സുലൈമാനി യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാനിൽ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖാംനഈ കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായിരുന്നു ഖുദ്സ് സേന തലവനായിരുന്ന ഖാസിം സുലൈമാനി.
അനുസ്മരണ ചടങ്ങിനെത്തിയ ആയിരങ്ങൾക്കിടയിലാണ് കിർമാനിൽ പ്രശസ്തമായ ഗുൽസാർ ശുഹദാക്കു സമീപം രാജ്യത്തെ നടുക്കിയ വൻ സ്ഫോടനങ്ങൾ. രക്തസാക്ഷികളായി രാജ്യം കരുതുന്ന 1024 പേരെ ഖബറടക്കിയ ഇടമാണ് ഗുൽസാർ ശുഹദാ. ആക്രമണത്തിന് മറുപടി തെൽ അവീവിലും ഹൈഫയിലുമാകുമെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയം മുൻവക്താവ് കിയാനുഷ് ജഹാൻപുർ പറഞ്ഞു.
ഹമാസ് ഉപനേതാവ് സ്വാലിഹ് അൽഅറൂരി ബെയ്റൂത്തിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.