ഡോണൾഡ് ട്രംപിന്‍റെ സഹോദരൻ റോബർട്ട് ട്രംപ് അന്തരിച്ചു

വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇളയ സഹോദരനും വ്യവസായിയുമായ റോബർട്ട് ട്രംപ് (71) അന്തരിച്ചു. ശനിയാഴ്ച രാത്രിയോടെ ന്യൂയോർക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വെള്ളിയാഴ്ച പ്രസിഡന്‍റ് ട്രംപ് സഹോദരനെ സന്ദർശിച്ചിരുന്നു.

തന്‍റെ നല്ല സുഹൃത്ത് കൂടിയായിരുന്നു റോബർട്ട് എന്ന് ഡോണൾഡ് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. സഹോദരനെ കുറിച്ചുള്ള ഓർമകൾ എന്നും ഹൃദയത്തിലുണ്ടാകും -ട്രംപ് പറഞ്ഞു.

ഇരുവരും വ്യവസായികളാണെങ്കിലും ഡോണൾഡ് ട്രംപുമായി ഏറെ സ്വഭാവവ്യത്യസ്തയുള്ളയാളായിരുന്നു റോബർട്ട്. ട്രംപ് കുടുംബത്തിലെ നൈസ് ട്രംപ് എന്നാണ് അറിയപ്പെട്ടിരുന്നത്.

വാൾസ്ട്രീറ്റിൽ കോർപറേറ്റ് ഫിനാൻസിലൂടെ ആരംഭിച്ച റോബർട്ട് പിന്നീട് കുടുംബ ബിസിനസ് നോക്കിനടത്തുകയായിരുന്നു. ബ്ലയർ ട്രംപാണ് ആദ്യ ഭാര്യ. 2007ൽ വിവാഹമോചനം നേടി. ഏറെക്കാലമായുള്ള കൂട്ടുകാരിയായ ആൻ മേരി പല്ലാനെ കഴിഞ്ഞ മാർച്ചിലാണ് വിവാഹം ചെയ്തത്. 

ഫ്രെഡ് ട്രംപിന്‍റെയും മേരി ആൻ മക്ലിയോഡിന്‍റെയും അഞ്ച് മക്കളിൽ ഏറ്റവും ഇളയതാണ് റോബർട്ട്. ഡോണൾഡ് ട്രംപിനെ കൂടാതെ മരിയാന ട്രംപ്, ഫ്രെഡ് ട്രംപ് ജൂനിയർ, എലിസബത് ട്രംപ് എന്നിവരാണ് മറ്റ് സഹോദരങ്ങൾ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.