ജറൂസലം: സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണത്തിലൂടെ ഇറാന് വ്യക്തമായ മുന്നറിയിപ്പ് നൽകാനായെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യൊആവ് ഗാലന്‍റ്.
എത്ര അകലെയാണെങ്കിലും തങ്ങളെ ആക്രമിക്കുന്നവർക്കെതിരെ തിരിച്ചടിക്കാനുള്ള സൈനിക ശക്തി ഇസ്രായേലിനുണ്ടെന്നും ഗാലന്‍റ് പറഞ്ഞു. തങ്ങൾക്ക് എത്തിപ്പെടാനാകാത്ത സ്ഥലങ്ങളൊന്നും ഇവിടെയില്ലെന്നും ഒക്ടോബർ ഏഴ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ അനുസ്മരണ ചടങ്ങിൽ ഗാലന്‍റ് വ്യക്തമാക്കി. ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർമാരെ വധിക്കാനായി. അവരുടെ ഭൂരിപക്ഷം റോക്കറ്റുകളും മിസൈലുകളും നശിപ്പിച്ചു. അതിർത്തികളിൽനിന്ന് അവർ പിന്മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈനിക ശക്തിയിലൂടെ മാത്രം യുദ്ധ ലക്ഷ്യങ്ങൾ പൂർണമായി നേടാനാകില്ലെന്ന യാഥാർഥ്യവും ഗാലന്‍റ് അംഗീകരിച്ചു.
ബന്ദികളെ വീടുകളിൽ തിരിച്ചെത്തിക്കാൻ വേദനാജനകമായ വിട്ടുവീഴ്ചകൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബന്ദികളുടെ മോചനത്തിനുവേണ്ടി, അവരുടെ കുടുംബത്തിനുവേണ്ടി, ലക്ഷ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിനിടെ വീണുപോയ സൈനികർക്കുവേണ്ടി, ഐ.ഡി.എഫിന്‍റെ പൈതൃകത്തിനുവേണ്ടി, ജൂതന്മാർക്കുവേണ്ടി നമ്മളിത് ചെയ്യണമെന്നും നമ്മുടെ ഉത്തരവാദിത്തമാണെന്നും ഗാലന്‍റ് വ്യക്തമാക്കി.
ഒരു വർഷം കഴിഞ്ഞിട്ടും ബന്ദികളെ തിരിച്ചെത്തിക്കുന്നതിൽ സർക്കാറും സൈന്യവും പരാജയപ്പെട്ടതിൽ ഇസ്രായേലിൽ പ്രതിഷേധം ശക്തമാണ്. ഇതിനിടെയാണ് പ്രതിരോധ മന്ത്രിയുടെ തുറന്നുപറച്ചിലും. അനുസ്മരണ ചടങ്ങിൽ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് പ്രസംഗം പോലും പൂർത്തിയാക്കാനായില്ല. സംസാരിക്കാൻ എഴുന്നേറ്റതോടെ ‘ഷെയിം ഓൺ യു’ മുദ്രാവാക്യം വിളിയുമായി പ്രതിഷേധക്കാർ ബഹളം വെച്ചു. തത്സമയ സംപ്രേഷണമുള്ളതിനാൽ പ്രസംഗം അതിവേഗം നിർത്തി നെതന്യാഹു മടങ്ങുകയായിരുന്നു.
ഇറാനിലെ തെഹ്റാൻ, ഖുസിസ്ഥാൻ, ഇലാം പ്രവിശ്യകളിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. നൂറോളം യുദ്ധവിമാനങ്ങൾ ഓപറേഷനിൽ പങ്കെടുത്തതായി ഇസ്രായേൽ അവകാശപ്പെട്ടെങ്കിലും ഇറാൻ ഇത് നിഷേധിച്ചു. ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ഇസ്രായേൽ ആക്രമണമുണ്ടായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നെങ്കിലും യു.എസിന്റെ നിർദേശത്തെ തുടർന്നാണ് സൈനിക കേന്ദ്രങ്ങളിൽ പരിമിതപ്പെടുത്തിയതെന്നാണ് വിലയിരുത്തൽ.
ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ തെഹ്റാനിൽ കൊല്ലപ്പെട്ടതിനും ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയുടെ വധത്തിനും പ്രതികാരമായി ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിന് നേരെ ഒക്ടോബർ ഒന്നിന് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. 180ലധികം മിസൈലുകളാണ് ഇറാൻ അയച്ചത്. പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് ഇവയിൽ ഭൂരിഭാഗവും സൈനിക കേന്ദ്രങ്ങളിൽ പതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.