തെഹ്റാൻ: ശനിയാഴ്ച പുലർച്ചെ ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് ഇസ്രായേൽ നടത്തിയ ആക്രമണം സംബന്ധിച്ച് കരുതലോടെ പ്രതികരിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ആക്രമണത്തെ പെരുപ്പിച്ച് കാട്ടുകയോ വിലകുറച്ച് കാണുകയോ ചെയ്യരുതെന്ന് ഞായറാഴ്ച അദ്ദേഹം പറഞ്ഞു. ‘‘ഇസ്രായേൽ ഭരണകൂടത്തിന്റെ തെറ്റായ കണക്കുകൂട്ടലുകൾ തകർക്കണം. ഇറാൻ യുവതയുടെയും രാജ്യത്തിന്റെയും കരുത്തും ഇച്ഛാശക്തിയും അവർ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന്റെ താൽപര്യങ്ങൾ നിറവേറ്റുന്ന നടപടികൾ സ്വീകരിക്കേണ്ടത് അധികാരികളാണ്’’ -അദ്ദേഹം പറഞ്ഞു.
ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ തെഹ്റാനിൽ കൊല്ലപ്പെട്ടപ്പോൾ ഇസ്രായേലിനെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഉറപ്പിച്ചുപറഞ്ഞ പ്രതികരണമാണ് പരമോന്നത നേതാവും ഇറാൻ പ്രസിഡന്റും ഉൾപ്പെടെ നേതാക്കൾ നടത്തിയത്. ഒക്ടോബർ ഒന്നിലെ മിസൈൽ ആക്രമണത്തിലൂടെ അതവർ യാഥാർഥ്യമാക്കുകയും ചെയ്തു. അതിനുള്ള പ്രതികാരമായാണ് കഴിഞ്ഞ ദിവസത്തെ ഇസ്രായേൽ ആക്രമണം.
അതേസമയം, ആക്രമണം എല്ലാ ലക്ഷ്യങ്ങളും നേടിയതായും ഇറാനെ ഏറെ ദോഷകരമായി ബാധിച്ചുവെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ഇരുപത് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തെ ഒരു പരിധിവരെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്.
മൂന്ന് കേന്ദ്രങ്ങളിലാണ് ചെറിയ നാശനഷ്ടമുണ്ടായത്. നാല് സൈനികർ കൊല്ലപ്പെടുകയും ചെയ്തു. ആണവ അടിസ്ഥാന സൗകര്യങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റാഫേൽ മരിയാനോ ഗ്രോസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.