കൈറോ: ഗസ്സയിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നതിനിടെ രണ്ട് ദിവസം വെടിനിർത്തണമെന്ന നിർദേശവുമായി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി. ഹമാസിന്റെ പക്കലുള്ള നാല് ഇസ്രായേലി ബന്ദികളെ ഫലസ്തീൻ തടവുകാർക്ക് പകരമായി കൈമാറാമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
ഇതിനുശേഷം ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിയൊരുക്കണമെന്നും അൾജീരിയൻ പ്രസിഡന്റ് അബ്ദുല്‍ മദ്ജിദ് ടെബൗണിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അൽസീസി പറഞ്ഞു.
ഇതാദ്യമായാണ് ഈജിപ്ത് ഇത്തരമൊരു നിർദേശം പരസ്യമായി പ്രഖ്യാപിക്കുന്നത്. ഫലസ്തീനിലെ സമാധാനശ്രമങ്ങളുടെ ഭാഗമായി ഖത്തറിനും യു.എസിനുമൊപ്പം ഈജിപ്തും മധ്യസ്ഥത വഹിച്ചിരുന്നു. രണ്ട് ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ അത് ശാശ്വത വെടിനിർത്തലിനുള്ള ചർച്ചകളിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ. 10 ദിവസത്തിനുള്ളിൽ സ്ഥിരമായ വെടിനിർത്തൽ കരാറിലെത്തുന്നതിനായി ചർച്ചകൾ പുനരാരംഭിക്കുകയും വേണം.
എന്നാൽ, ഇസ്രായേലും ഹമാസും ഈ നിർദേശത്തോട് പ്രതികരിച്ചിട്ടില്ല. ഈജിപ്തിന്റെ നിർദേശം ഹമാസ് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉയർന്ന പലസ്തീനീയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. ഇസ്രായേലിൽനിന്നുള്ള ബന്ദികളെ കൈമാറാനും ഫലസ്തീനി തടവുകാരെ കൈമാറുന്നതിനുമായി നവംബറിലെ ഒരാഴ്ച താൽക്കാലികമായി വെടിനിർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.