വാഷിങ്ടൺ: നിരന്തര സംഘർഷങ്ങളും പരസ്യമായ ഇസ്രായേൽ അനുകൂല നിലപാടുകളുമായി ഗൾഫ് മേഖലയിൽ സാന്നിധ്യം നിലനിർത്തിയ ട്രംപ് യുഗത്തിനു ശേഷം പശ്ചിമേഷ്യയിൽ നയംമാറ്റവുമായി ജോ ബൈഡന്‍റെ ബൈഡന്‍റെ യു.എസ്. ഇതിനകം മൂന്ന് പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ മേഖലയിൽനിന്ന് പിൻവലിച്ചുകഴിഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പറയുന്നു. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിൽനിന്നാണ് ഒരു പാട്രിയറ്റ് പിൻവലിച്ചത്.
ഒരു വിമാനവാഹിനി യുദ്ധക്കപ്പലും നിരീക്ഷണ സംവിധാനങ്ങളും ഇതോടൊപ്പം പിൻവലിക്കുന്നുണ്ട്.
ലോകത്തൊട്ടുക്കുമുള്ള അമേരിക്കൻ സൈനിക സാന്നിധ്യത്തിന്‍റെ ആവശ്യവും കരുത്തും പുനരവലോകനം നടത്തുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ പെൻറഗൺ പ്രഖ്യാപനം നടത്തിയിരുന്നു.
മേഖലയിൽ അര ലക്ഷത്തോളം യു.എസ് സൈനികരാണ് വിവിധ രാജ്യങ്ങളിലും കടലുകളിലുമായി നിലയുറപ്പിച്ചിട്ടുള്ളത്. യു.എസ്- ഇറാൻ സംഘർഷം മുർധന്യത്തിലായിരുന്ന 2018ൽ 90,000 ആയിരുന്നതാണ് മൂന്നുവർഷത്തിനിടെ പകുതിയോളമായി കുറഞ്ഞത്.
മേഖല എണ്ണ സമൃദ്ധമായി തുടരുകയും ആഗോള തലത്തിൽ എണ്ണയുടെ ഉപഭോഗം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സുരക്ഷ കൂടി കണക്കിലെടുത്ത് യു.എസ് സൈനിക സാന്നിധ്യം നിലനിൽക്കുമെന്നുറപ്പ്. എന്നാൽ, സംഘർഷ സാധ്യത കുറയുന്നതും ട്രംപിൽനിന്ന് വ്യത്യസ്തമായി ജോ ബൈഡൻ നിലപാട് മയപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് സൈനിക സംവിധാനങ്ങൾ കുറക്കുന്നതിലേക്ക് നയിച്ചത്. അസംസ്കൃത എണ്ണ നിക്ഷേപത്തിന്‍റെ പകുതിയിലേറെയും പ്രകൃതി വാതകത്തിന്‍റെ 41 ശതമാനവും ഈ മേഖലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.