മദ്യപാനം ഏഴുതരം അർബുദങ്ങളുണ്ടാക്കും; മദ്യക്കുപ്പികൾക്ക് പുറത്ത് അപകട ലേബൽ നിർബന്ധമാക്കണമെന്ന് ആവശ്യം

വാഷിങ്ടൺ: ഏഴുതരം അർബുദ സാധ്യത വർധിപ്പിക്കുമെന്ന ഗവേഷണങ്ങളെ തുടർന്ന്, സിഗരറ്റിലെ ലേബലുകൾക്ക് സമാനമായി ലഹരി പാനീയങ്ങളിലും അപകട സാധ്യതയുള്ള മുന്നറിയിപ്പ് ​നൽകണമെന്ന് യു.എസിലെ വിദഗ്ധ ഡോക്ടർമാർ. യു.എസിൽ പ്രതിവർഷം 100,000 കാൻസർ കേസുകളിലേക്കും 20,000 മരണങ്ങളിലേക്കും നയിക്കുന്ന ഈ അപകടശീലത്തെ കുറിച്ച് ഭൂരിപക്ഷം അമേരിക്കൻ പൗരൻമാരും അജ്ഞരാണെന്നും യു.എസ് സർജൻ ജനറൽ വിവേക് ​​മൂർത്തി ചൂണ്ടിക്കാട്ടുന്നു. 1988 മുതൽ അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്ത നിലവിലുള്ള മുന്നറിയിപ്പ് ലേബലുകൾ മാറ്റുന്നതിന് യു.എസ് കോൺഗ്രസ് മുൻകൈ എടുക്കണം. അതുപോലെ മദ്യപാനത്തിനും അർബുദത്തിനും എതിരെ ആളുകൾക്ക് നന്നായി ബോധവത്കരണം നൽകണമെന്നും ഡോ. മൂർത്തി ആവശ്യപ്പെട്ടു.

പുകവലിക്കും, പൊണ്ണത്തടിക്കും ശേഷം അർബുദം വരുത്തുന്ന മൂന്നാമത്തെ കാരണം മദ്യപാനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ബിയറും വൈനും അടക്കമുള്ള ഏതുതരം ലഹരി പാനീയങ്ങളുടെ ഉപയോഗവും ഏഴുതരം കാൻസറുകൾക്ക് കാരണമാക്കുന്നു. സ്തനാർബുദം (സ്ത്രീകളിൽ), തൊണ്ട, കരൾ, അന്നനാളം, വായ, ശ്വാസനാളം, വൻകുടൽ എന്നിവയിലെ അർബുദ സാധ്യതയാണ് ഇതുമൂലമുണ്ടാകുന്നത്.

പിറക്കാൻ പോകുന്ന കുഞ്ഞിന് ജനന വൈകല്യങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഗർഭിണികളായ സ്ത്രീകൾ മദ്യം കഴിക്കരുതെന്ന മുന്നറിയിപ്പ് ലേബലുകൾ നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണ്. മദ്യം കഴിഞ്ഞ് വണ്ടിയോടിക്കുന്നതും മറ്റ് യന്ത്രങ്ങൾ പ്രവർത്തിക്കുന്നതും നമ്മുടെ കഴിവിനെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ഡോക്ടർ പറഞ്ഞു. ഏതുതരത്തിലുള്ള മദ്യപാനവും കാൻസറുണ്ടാക്കുന്ന എന്ന മുന്നറിയിപ്പ് കൊണ്ടുവന്ന ലോകത്തിലെ ആദ്യ രാജ്യം അയർലൻഡ് ആണ്. 2026 മുതൽ അയർലൻഡിലെ എല്ലാ മദ്യക്കുപ്പികൾക്ക് പുറത്തും ഇത്തരത്തിലുള്ള അപകട മുന്നറിയിപ്പ് നൽകുന്ന ലേബർ പതിക്കണമെന്നത് നിർബന്ധമാണ്. 

Tags:    
News Summary - US top doctor calls for cancer warnings on alcohol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.