വാഷിങ്ടൺ: ചൈന ആക്രമിക്കാൻ ശ്രമിച്ചാൽ തായ്വാന് സംരക്ഷണം നൽകുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. ഈ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു യു.എസ് ഇതുവരെ. ദീർഘകാലമായി യു.എസ് പിന്തുടരുന്ന വിദേശകാര്യ നയം തിരുത്തേണ്ടി വന്നാലും തായ്വാന് സംരക്ഷണം നൽകണമെന്നാണ് ബൈഡെൻറ നിലപാട്.
എന്നാൽ, തായ്വാൻ വിഷയത്തിൽ യു.എസ് നിലപാടുകളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് വൈറ്റ്ഹൗസ് പ്രതിനിധി വ്യക്തമാക്കി. സി.എൻ.എൻ ഹാളിൽ നടന്ന പരിപാടിയിൽ തായ്വാനെ സംരക്ഷിക്കാൻ യു.എസ് തയാറാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബൈഡൻ.
ചൈനയുടെ സമ്മർദത്തിൽനിന്ന് തായ്വാനെ രക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ചൈനക്കും റഷ്യക്കും മറ്റ് രാജ്യങ്ങൾക്കും യു.എസിെൻറ സൈനിക ബലത്തെ കുറിച്ച് വ്യക്തമായി അറിയാമെന്നും ബൈഡൻ പറഞ്ഞു. നിലവിൽ തായ്വാനുമായി യു.എസിന് ഔദ്യോഗിക നയതന്ത്രബന്ധമില്ല. എന്നാൽ, തായ്വാൻ റിലേഷൻഷിപ്പ് നിയമപ്രകാരം യു.എസ് ആയുധം നൽകുന്നുണ്ട്.
ബൈഡെൻറ പ്രസ്താവനയിൽ എതിർപ്പുമായി ചൈന രംഗത്തെത്തി. തങ്ങൾക്ക് സുപ്രധാനമായ വിഷയങ്ങളിൽ ഒരു തരത്തിലുള്ള ഇളവുകളും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. തായ്വാൻ വിഷയത്തിൽ യു.എസ് ശ്രദ്ധയോടെ പ്രതികരിക്കണമെന്നും മോശം പ്രസ്താവനകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ അറിയിച്ചു.
കഴിഞ്ഞദിവസം തായ്വാെൻറ വ്യോമാതിർത്തി കടന്ന് ചൈന സൈനികാഭ്യാസം നടത്തിയിരുന്നു. ഫൈറ്റർ ജെറ്റുകളും ബോംബർ വിമാനങ്ങളുമടക്കം ഉപയോഗിച്ചുള്ള ശക്തിപ്രകടനം തായ്വാന് സമ്മർദം സൃഷ്ടിക്കാനുള്ള നീക്കമാണ്.യു.എസും തായ്വാനും തമ്മിലുള്ള സൗഹാർദബന്ധത്തിലും ചൈനക്ക് എതിർപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.