ഭക്ഷണം നൽകാനെത്തിയ സ്ത്രീയെ അയൽവാസിയുടെ നായ്ക്കൾ കടിച്ചു കൊന്നു

വാഷിങ്ടൺ: അയൽവാസിയുടെ വളർത്തുനായ്ക്കൾക്ക് ഭക്ഷണം നൽകാൻ പോയ സ്ത്രീയെ നായ്ക്കൾ ആക്രമിച്ചുകൊന്നു. യു.എസിലെ പെൻസിൽവാനിയയിലാണ് സംഭവം. ക്രിസ്റ്റിൻ പൊട്ടർ എന്ന 38 കാരിയാണ് അയൽവാസിയുടെ നായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്.

ക്രിസ്റ്റിനും ഇളയ മകനും കൂടെയാണ് അയൽവാസിയുടെ വെൻഡി സബത്നെയുടെ നായ്ക്കൾക്ക് ഭക്ഷണം നൽകാൻ പോയത്. വെൻഡിയുടെ മാതാവ് അസുഖ ബാധിതയായി ഐ.സി.യുവിലായതിനാൽ അവർ ആശുപത്രിയിൽ മാതാവിന് കൂട്ടിരിക്കുകയായിരുന്നു. വീട്ടിലെത്തി നായ്ക്കൾക്ക് ഭക്ഷണം നൽകാൻ സാധിക്കാത്തതിനാലാണ് ​ക്രിസ്റ്റിനോട് നായ്ക്കൾക്ക് ഭക്ഷണം നൽകാൻ ആവശ്യപ്പെട്ടിരുന്നത്. അതുപ്രകാരമാണ് ക്രിസ്റ്റിനും ഇളയമകനും ഭക്ഷണവുമായി നായ്ക്കളുടെ അടുത്തെത്തിയത്.

മൂന്ന് ഗ്രെയ്റ്റ് ഡെയ്നുകളും ഒരു ഫ്രഞ്ച് ബുൾഡോഗുമാണ് വീട്ടിലുണ്ടായിരുന്നത്. ക്രിസ്റ്റിൻ ഭക്ഷണവുമായി വീട്ടിലെത്തിയ ഉടൻ രണ്ട് ഗ്രെയ്റ്റ് ഡെയ്നുകൾ ഇവരെ ആക്രമിക്കുകയായിരുന്നു. ഇതു കണ്ട മകൻ ഓടി വീട്ടിലെത്തി പൊലീസ് സഹായം തേടി. എന്നാൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവർക്ക് നായ്ക്കളോട് അടുക്കാൻ സാധിച്ചില്ല. തുടർന്ന് മൃഗഡോക്ടർമാരെ വിവരമറിയിച്ച് അവരെത്തി നായ്ക്കളെ മയക്കിയാണ് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സ്ത്രീ അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

‘എന്റെ ഹൃദയം തകർന്നിരിക്കുന്നു’വെന്നാണ് സംഭവമറിഞ്ഞ് നായ്ക്കളുടെ ഉടമയായ വെൻഡി പറഞ്ഞത്. ‘എനിക്ക് ഞെട്ടലുണ്ടാക്കുന്നു. എനിക്ക് ജീവിക്കാൻ തോന്നുന്നില്ല. ഇത് സംഭവിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.’ - അവർ പറഞ്ഞു.

വെൻഡിയുടെ നായ്ക്കൾ നേരത്തെയും അക്രമ സ്വഭാവം കാണിച്ചിട്ടുണ്ടെന്ന് നിരവധി പേർ പരാതിപ്പെട്ടിരുന്നു. ക്രിസ്റ്റിനെ തന്നെ മൂന്ന് വർഷം മുമ്പ് ഈ നായ്ക്കൾ കടിച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞു. വിഷയത്തിൽ നായ്ക്കളുടെ ഉടമയായ സ്ത്രീക്കെതിരെ കേസുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Tags:    
News Summary - US Woman, 38, Mauled To Death While Feeding Neighbour's Dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.