സോവിയറ്റ് മോഡല്‍ വികസനത്തോട് നെഹ്റുവിന് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു, എന്നാൽ, ഒരു പാര്‍ട്ടി, ഒരു പുസ്തകം എന്ന രീതിയോട് അദ്ദേഹം യോജിച്ചിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വര്‍ഗ സമരത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നില്ല അദ്ദേഹത്തിന്റെ സോഷ്യലിസം. ജനങ്ങളെ തരംതാഴ്ത്തി ഒരു വ്യക്തിയോ പാര്‍ട്ടിയോ സംസാരിക്കുന്നതിനെ നെഹ്റു അംഗീകരിച്ചിരുന്നില്ല. കേംബ്രിജ് സര്‍വകലാശാലയില്‍ നെഹ്‌റൂവിയന്‍ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും മാര്‍ഗങ്ങളും എന്നവിഷയത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ.
ജനാധിപത്യവും സോഷ്യലിസവും ഉപയോഗിച്ച് മാത്രമേ സാമ്രാജ്യത്വത്തിനെതിരെ പോരാടാനും താഴെയിറക്കാനും കഴിയൂവെന്ന് നെഹ്റുവിന് അറിയാമായിരുന്നു. ആധുനിക സമൂഹത്തിെൻറ അടിസ്ഥാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ലിബറലിസത്തിലൂടെ മാത്രമേ കഴിയൂവെന്ന ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും സതീശൻ പറഞ്ഞു.
നെഹ്റുവിന്റെ ഇന്ത്യയില്‍ തൊഴിലാളിവര്‍ഗത്തിന് പ്രത്യേക സംരക്ഷണവും ആദരവും ലഭിച്ചു. മിനിമം വേതന നിയമം, വ്യാവസായിക തര്‍ക്ക നിയമം തുടങ്ങിയവ രാജ്യത്തിെൻറ ഭാവിയിലേക്കുള്ള വലിയ സംഭാവനകളായിരുന്നു. സ്ത്രീകള്‍ക്ക് തുല്യതയും തുല്യ അവകാശങ്ങളും അവസരങ്ങളും നല്‍കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ജാതിയുടെയോ മതത്തിെൻറയോ ലിംഗത്തിെൻറയോ അടിസ്ഥാനത്തിലുള്ള ഒരു വിവേചനത്തെയും നെഹ്റു അംഗീകരിച്ചിരുന്നില്ല.
ജാമിയ മിലിയ സര്‍വകലാശാലക്ക് വേണ്ടി ചെയ്തതുപോലെ, നെഹ്റു മതേതര മൂല്യങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയും രാജ്യത്തിെൻറ ആത്മാവിന് മുറിവേല്‍ക്കാതെ സംരക്ഷണമൊരുക്കുകയും ചെയ്യുമായിരുന്നു. പണ്ഡ്റ്റ് ജി ലോകനേതാവിനെപ്പോലെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. അദ്ദേഹം ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ഗാസയിലേക്ക് ആയുധങ്ങളും ബോംബുകളുമല്ല, ഭക്ഷണവും മരുന്നുകളും പുതപ്പുകളുമാണ് എത്തുന്നതെന്ന് ഉറപ്പാക്കാന്‍ ലോക നേതാക്കള്‍ക്കൊപ്പം ഈജിപ്ത് അതിര്‍ത്തിയില്‍ നെഹ്‌റുവും ഉണ്ടാകുമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
നെഹ്റുവിയന്‍ തത്വങ്ങളില്‍ നിന്നും ഇന്ത്യ മാറുകയും പ്രസിഡൻറുമാരായും പ്രധാനമന്ത്രിമാരായും തെരഞ്ഞെടുക്കപ്പെടുന്ന തീവ്രവലതുപക്ഷ സേച്ഛാധിപതികള്‍ ലോകത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഇക്കാലത്ത് നെഹ്റുവിെൻറ നിലപാടുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.
സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ആസൂത്രണ കമ്മീഷന്‍ ചട്ടക്കൂട് രൂപപ്പെടുത്തുകയും പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ പദ്ധതികളും പരിപാടികളും നടപ്പാക്കുകയും ചെയ്യുന്നു എന്നതാണ് നെഹ്റു വിഭാവനം ചെയ്ത സോഷ്യലിസ്റ്റ് ഇന്ത്യയിലെ ആസൂത്രിത, സമ്മിശ്ര സമ്പദ്വ്യവസ്ഥയുടെ കാതല്‍. എതിരാളികള്‍ ഇതിനെ സോവിയറ്റ് പദ്ധതിയുടെ പകര്‍പ്പെന്നും ലൈസന്‍സ് രാജെന്നും അസാധ്യമായ രീതിയെന്നും പറഞ്ഞു. പക്ഷെ നെഹ്‌റുവിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി.
നെഹ്റുവിെൻറ സോഷ്യലിസം തത്ത്വചിന്തയും മൂല്യാധിഷ്ഠിതവും സ്വതന്ത്ര ജനാധിപത്യത്തിനുള്ള പ്രേരണയുമായിരുന്നു. പൊതുമേഖലയില്‍ നവരത്‌ന വ്യവസായങ്ങള്‍ക്കൊപ്പം സാഹിത്യ അക്കാദമി, ദേശീയ മ്യൂസിയങ്ങള്‍, ഐഐടികള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ദേശീയ ലബോറട്ടറികള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് നെഹ്‌റുവിന്റെ കാലത്ത് സ്ഥാപിച്ചത്. അങ്ങനെ രാജ്യത്തെവിടെ നോക്കിയാലും അവിടെയൊക്കെ നെഹ്റുവിന്റെ അടയാളമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.