ലണ്ടൻ: ബാങ്കുകളിൽനിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യക്ക് അവിടെയും വലിയ തിരിച്ചടി. മല്യയെയും കുടുംബത്തെയും അവരുടെ ലണ്ടനിലെ ആഡംബര വസതിയിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടിരിക്കുകയാണ് യു.കെ കോടതി. ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട് സ്വിസ് ബാങ്ക് യു.ബി.എസുമായുള്ള ദീർഘകാല തർക്കത്തിൽ മല്യക്ക് എൻഫോഴ്‌സ്‌മെന്റ് സ്‌റ്റേ നൽകാൻ ബ്രിട്ടീഷ് കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് നടപടി.
മല്യയുടെ പ്രധാന സ്വത്തായ ലണ്ടനിലെ റീജന്റ്സ് പാർക്കിന് അഭിമുഖമായുള്ള 18/19 കോൺവാൾ ടെറസ് ആഡംബര അപ്പാർട്ട്‌മെന്റ്, സ്വിസ് ബാങ്ക് യു.ബി.എസ് ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. "കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന അസാധാരണമായ സ്വത്ത്" എന്ന് യു.കെ കോടതി വിശേഷിപ്പിച്ച അപ്പാർട്ട്മെൻറ്, നിലവിൽ 95 വയസ്സുകാരിയായ മല്യയുടെ അമ്മ ലളിതയാണ് കൈവശം വച്ചിരിക്കുന്നത്.
സ്വിസ് ബാങ്ക് യു.ബി.എസിൽ നിന്നെടുത്ത 20.4 മില്യൺ പൗണ്ട് വായ്പ തിരിച്ചടയ്ക്കാൻ മല്യ കുടുംബത്തിന് കൂടുതൽ സമയം അനുവദിക്കുന്നതിൽ അടിസ്ഥാനമില്ലെന്ന് ഹൈക്കോടതിയിലെ ചാൻസറി ഡിവിഷനുവേണ്ടി തന്റെ വിധി വെർച്വലി പ്രസ്താവിച്ചുകൊണ്ട് ഡെപ്യൂട്ടി മാസ്റ്റർ മാത്യു മാർഷ് പറഞ്ഞു.
മല്യയെ രാജ്യത്തേക്ക് നാടുകടത്താനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുന്നതിനിടെയാണ് യു.കെ കോടതിയുടെ നിർണായക വിധി. മല്യയെ ഇന്ത്യയിലെത്തിക്കാനുളള നയതന്ത്ര ഇടപെടലിന് കോടതി ഉത്തരവ് കൂടുതല്‍ സഹായകരമാകുമെന്നും നിയമവിദഗ്ധര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.