ഗസ്സയിൽ ആശുപത്രികൾക്ക് സമീപം ഇസ്രായേൽ വീണ്ടും ബോംബിട്ടു

ഗസ്സ: ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്ന ഗസ്സയിൽ മൂന്ന് ആശുപത്രികൾക്ക് സമീപം വീണ്ടും വ്യോമാക്രമണം. അൽ-ഖുദ്‌സ് ആശുപത്രി, പേഷ്യന്റ്സ് ഫ്രണ്ട്സ് ആശുപത്രി, അൽ-അവ്ദ ആശുപത്രി എന്നിവക്കുനേരെയാണ് ഇസ്രായേൽ ബോംബ് വർഷിച്ചത്. ആംബുലൻസുകൾ ഉൾപ്പെടെ തകർന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

ഇന്ന് പുലർച്ചെയാണ് താൽ അൽ-ഹവായിലെ അൽ-ഖുദ്‌സ് ആശുപത്രിക്ക് സമീപം ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തിയതെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് സൊ​ൈസറ്റി അറിയിച്ചു. “ആശുപത്രി ജീവനക്കാരുടെയും ചികിത്സയിലുള്ള രോഗികളുടെയും വീടുകൾ നശിപ്പിച്ചതിനെ തുടർന്ന് പലായനം ചെയ്ത് ആശുപത്രിയിൽ അഭയം തേടിയ 14000ത്തിലധികം പേരുടെയും സുരക്ഷയോർത്ത് ഞങ്ങൾ ആശങ്കയിലാണ്’ -ആശുപത്രി നടത്തുന്ന റെഡ് ക്രസന്റ് സൊ​ൈസറ്റി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേൽ ഉപരോധം മൂലം ഇന്ധനം തീർന്നതിനെ തുടർന്ന് ആശുപത്രിയുടെ പ്രവർത്തനം നിലച്ചമട്ടാണെന് അധികൃതർ വ്യാഴാഴ്ച അറിയിച്ചിരുന്നു.

ഗസ്സയിലെ പേഷ്യന്റ്സ് ഫ്രണ്ട്സ് ആശുപത്രിയുടെ പരിസരം ഇസ്രായേൽ ആക്രമണത്തിൽ തകർന്നു. ആളപായത്തെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ഗസ്സ മുനമ്പിന് വടക്ക് താൽ അൽ സതറിലെ അൽ-അവ്ദ ആശുപത്രിക്ക് സമീപവും ആക്രമണം അരങ്ങേറി. ആംബുലൻസിന് കേടുപാടുകൾ സംഭവിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഇൻകുബേറ്ററിൽ കഴിയുന്ന പിഞ്ചുകുഞ്ഞുങ്ങൾ, ഐ.സി.യുവിലടക്കമുള്ള 500 രോഗികൾ എന്നിവർ കഴിയുന്ന അൽഖുദ്സ് ആശുപത്രിയിൽ നടത്തിപ്പിനാവശ്യമായ വെള്ളമോ വൈദ്യതിയോ ലഭ്യമല്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ധനമില്ലാത്തതിനാൽ നാല് ആംബുലൻസുകൾ കട്ടപ്പുറത്തായിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതൽ എല്ലാ ദിവസവും ആശുപത്രിയുടെ പരിസരത്ത് ദിവസേന ബോംബാക്രമണം നടക്കുകയാണെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് (പി.ആർ.സി.എസ്) വക്താവ് നബാൽ ഫർസഖ് അൽ ജസീറയോട് പറഞ്ഞു. “ആശുപത്രിക്ക് ചുറ്റുമുള്ള ഭൂരിഭാഗം കെട്ടിടങ്ങളും ഏതാണ്ട് പൂർണമായി തകർത്തു. ദിവസം കഴിയുന്തോറും ബോംബ് സ്‌ഫോടനങ്ങൾ ആശുപത്രിയോട് കൂടുതൽ അടുക്കുകയാണ്. ആശുപത്രിയിൽ നേരിട്ട് ബോംബിട്ടേക്കു​മെന്ന് ഞങ്ങൾ ഭയപ്പെടുന്നു” -അവർ പറഞ്ഞു.

“ആശുപത്രിയിൽ ഏകദേശം 500 രോഗികളുണ്ട്. 15 പേർ ഐ.സി.യുവിൽകഴിയുന്നു. ഇൻകുബേറ്ററുകളിൽ നിരവധി നവജാതശിശുകളുണ്ട്. അതിനെല്ലാം പുറമേയാണ് ആശുപത്രിയിൽ അഭയം തേടിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള 14,000 അഭയാർഥികൾ” -ഫർസഖ് പറഞ്ഞു.


Tags:    
News Summary - ‘Violent bombardment’ reported in the vicinity of al-Quds Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.