വെർജിൻ ഗലാക്റ്റിക്
ന്യൂമെക്സിക്കോ: ആദ്യത്തെ ബഹിരാകാശ വാണിജ്യ വിനോദയാത്രയ്ക്ക് യു.എസ് ബഹിരാകാശ കമ്പനിയായ വെർജിൻ ഗലാക്റ്റിക് തുടക്കമിട്ടു. വിർജിൻ സ്ഥാപകനായ റിച്ചാർഡ് ബ്രാൻസന്‍റെ നേതൃത്വത്തൽ ബഹിരാകാശത്തേക്ക് ആദ്യ യാത്ര നടത്തി രണ്ട് വർഷത്തിന് ശേഷമാണ് 3 സഞ്ചാരികളും 3 ജീവനക്കാരുമായി റോക്കറ്റ് ബഹിരാകാശത്തേക്കു കുതിച്ചത്.
ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം 8 മണിയോടെയാണ് ഗാലക്‌റ്റിക് 01 എന്ന് വിളിക്കപ്പെടുന്ന ദൗത്യം ആരംഭിച്ചത്. ടേക്ക് ഓഫ് മുതൽ ലാൻഡിംഗ് വരെയുള്ള ആദ്യത്തെ വാണിജ്യ ബഹിരാകാശ യാത്രയ്ക്ക് 90 മിനിറ്റ് ദൈർഘ്യമാണുണ്ടായത്. ദൗത്യം പൂർത്തിയാക്കി ഒൻപതരയോടെ റോക്കറ്റ് തിരികെയെത്തി.
ഇറ്റാലിയൻ വ്യോമസേനയിൽ നിന്നുള്ള കേണൽ വാൾട്ടർ വില്ലാഡെ, ഇറ്റാലിയൻ വ്യോമസേനയിലെ ഫിസിഷ്യൻ ലെഫ്റ്റനന്റ് കേണൽ ആഞ്ചലോ ലാൻഡോൾഫി, എഞ്ചിനീയർ പന്തലിയോൺ കാർലൂച്ചി എന്നിവരാണ് ആദ്യ യാത്രയിലെ സഞ്ചാരികൾ.
ന്യൂ മെക്സിക്കോയിലെ മരുഭൂമിയിൽ നിന്നു 80 കിലോമീറ്റർ ഉയരത്തിൽ പറന്നാണ് യാത്രികർ ബഹിരാകാശ പരിധിയിൽ പ്രവേശിച്ചത്. സൂപ്പർസോണിക് റോക്കറ്റ് വേഗം, മൈക്രോ ഗ്രാവിറ്റി, ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ കാഴ്ച തുടങ്ങിയവ യാത്രികർക്ക് ആസ്വദിക്കാനായി 4.5 ലക്ഷം ഡോളറാണ് ടിക്കറ്റ് നിരക്ക്. ഇതിനകം തന്നെ ഏകദേശം 800 പേർ ബുക്ക് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.