വിഖ്യാത ഫാഷൻ ഡിസൈനര്‍ വിര്‍ജിൽ അബ്ലോ അന്തരിച്ചു

പാരീസ്: കാൻസറിനോട്​ മല്ലിട്ട്​ ഒടുവിൽ വിഖ്യാത ഫാഷൻ ഡിസൈനര്‍ വിര്‍ജിൽ അബ്ലോ മടങ്ങി. പ്രമുഖ യുഎസ് ഫാഷൻ ഡിഡൈനറും ആഗോള ഫാഷൻ ബ്രാൻഡ് ലൂയി വിറ്റന്‍റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ വിര്‍ജിൽ അബ്ലോ അന്തരിച്ചു. 41 വയസായിരുന്നു. കമ്പനി ഉടമസ്ഥരായ എൽ.വി.എം.എച്ച് ആണ് മരണവിവരം പുറത്തു വിട്ടത്. ഫ്രഞ്ച് ഫാഷൻ ഹൗസിൻെർ ക്രിയേറ്റീവ് ഡയറക്ടര്‍ പദവിയിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരനായിരുന്നു വിര്‍ജിൽ അബ്ലോ.

കാഷ്വൽ വസ്ത്രങ്ങളായ ഹൂഡീസും സ്നീക്കേഴ്സും അണിഞ്ഞ മോഡലുകളെ റാമ്പിലെത്തിച്ചാണ് അബ്ലോ ശ്രദ്ധ നേടിയത്. ഫാഷൻ ലോകത്തെ ഇളക്കി മറിച്ച അബ്ലോയുടെ അകാലമരണം ഫാഷൻ വ്യവസായത്തിനു തീരാത്ത നഷ്ടമാണെന്നാണ് വിലയിരുത്തുന്നത്. ലോകരാജ്യങ്ങളിൽ നിന്ന്​ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തി. കുടുംബത്തിന്‍റെ നഷ്ടം മനസ്സിലാക്കുന്നതായും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കമ്പനി അറിയിച്ചു. ഏറെ വര്‍ഷങ്ങളായി അദ്ദേഹം കാൻസര്‍ രോഗചികിത്സയിലായിരുന്നുവെന്നും കമ്പനി അറിയിച്ചു.

'രണ്ട് വര്‍ഷമായി അപൂര്‍വവും ഗുരുതരവുമായ കാര്‍ഡിയാക് ആൻജിയോ സാര്‍കോമ എന്ന കാൻസര്‍ രോഗത്തോടു പോരാടുകയായിരുന്നു വിര്‍ജിൽ അബ്ലോ. 2019ൽ രോഗം സ്ഥിരീകരിച്ചതിനു ശേഷം അദ്ദേഹം ഇക്കാര്യം രഹസ്യമാക്കി വെച്ച് രോഗത്തോടു പോരാടാൻ തീരുമാനിക്കുകയായിരുന്നു. കലാ സാംസ്കാരിക, ഫാഷൻ രംഗങ്ങളിലെ നിരവധി സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതിനിടയിലും ബുദ്ധിമുട്ടേറിയ പല ചികിത്സകളിലടെയും അദ്ദേഹം കടന്നു പോകുകയായിരുന്നു' -കമ്പനി വെബ്സൈറ്റിൽ അറിയിച്ചു.

2018ലാണ് വിര്‍ജിൽ അബ്ലോ ലൂയി വിറ്റന്‍റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്ഥാനത്തെത്തുന്നത്. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്ന് യു.എസിലേക്ക്​ കുടിയേറിയവരാണ് വിര്‍ജിലിന്‍റെ മാതാപിതാക്കള്‍. അബ്ലോ സ്ഥാപിച്ച ലക്ഷ്വറി സ്ട്രീറ്റ്‍‍വിയര്‍ ബ്രാൻഡായ ഓഫ് വൈറ്റി​ന്‍റെ 60 ശതമാനം ഓഹരികള്‍ വാങ്ങുന്നതായും എൽ.എം.വിച്ച് ഈ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഫാഷൻ രംഗത്തെ ഇടപെടലുകള്‍ക്ക് പുറമെ സാമൂഹ്യവിഷയങ്ങളിലും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വിര്‍ജിൽ സജീവമായിരുന്നു. വംശീയ വേര്‍തിരിവിനെതിരെ പ്രതികരിച്ചിരുന്ന വിര്‍ജിൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശത്തിനു വേണ്ടിയും പോരാടി. പ്രവര്‍ത്തനമേഖലയിൽ ലിംഗസമത്വവും വര്‍ഗസമത്വവും ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

വിര്‍ജിൽ അബ്ലോയുടെ മരണത്തിൽ അനുശോചിച്ച് ഫാഷൻ രംഗത്തെ മറ്റു സ്ഥാപനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഫ്രഞ്ച് മെൻസ് വിയര്‍ ഫാഷൻ സ്ഥാപനമായ ഡിയോയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ കിം ജോൻസും മരണത്തിൽ അനുശോചിച്ചു. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല മനസുള്ള മനുഷ്യരിൽ ഒരാളായിരുന്നു വിര്‍ജിൽ എന്ന് അദ്ദേഹം പറഞ്ഞു. ഒരു ഡിസൈനര്‍ എന്ന നിലയിലും വ്യക്ത എന്ന നിലയിലും താൻ ഏറെ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളയാളാണ് വിര്‍ജിൽ അബ്ലോയെന്നായിരുന്നു ഇറ്റാലിയൻ ലക്ഷ്വറി ഫാഷൻ ഹൗസായ ഗൂച്ചിയുടെ പ്രതികരണം.

Tags:    
News Summary - Visionary fashion designer Virgil Abloh dies aged 41

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.