വാഗ്നർ സൈന്യം മോസ്കോയെ ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ

മോസ്കോ: റഷ്യൻ സൈന്യത്തിന് നേരെ സായുധനീക്കത്തിന് തുടക്കമിട്ട വാഗ്നർ ഗ്രൂപ്പ് രാജ്യതലസ്ഥാനമായ മോസ്കോ ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ. റോസ്തോവ്, വെറോണീസ് എന്നീ നഗരങ്ങൾ വാഗ്നർ പട്ടാളം നിയന്ത്രണത്തിലാക്കി. അതേസമയം, റഷ്യൻ പ്രസിഡന്‍റ് വ്ലോദിമിർ പുടിന്‍റെ വിമാനങ്ങളിലൊന്ന് മോസ്കോയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ പുടിൻ രാജ്യംവിട്ടതായി അഭ്യൂഹമുയർന്നു. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമായില്ല. മറ്റ് രാജ്യങ്ങളിൽ വിന്യസിക്കപ്പെട്ട വാഗ്നർ ഗ്രൂപ്പ് അംഗങ്ങൾക്ക് റഷ്യയിലേക്ക് മടങ്ങാൻ നിർദേശം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

റഷ്യൻ പ്രസിഡന്‍റിന്‍റെ കൂലിപ്പട്ടാളമായി അറിയപ്പെടുന്ന വാഗ്നർ ഗ്രൂപ്പ്, സൈനിക നേതൃത്വവുമായി ഏറെക്കാലമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. യുക്രെയ്നിൽ റഷ്യൻ സേനക്കൊപ്പം നിർണായക നീക്കങ്ങൾ നടത്തിയ വാഗ്നർ ഗ്രൂപ്പ്, തങ്ങൾക്ക് സൈന്യം ആയുധങ്ങൾ നൽകുന്നില്ലെന്ന് നിരന്തരം പരാതിപ്പെട്ടിരുന്നു. റഷ്യൻ സൈന്യം തങ്ങളുടെ നേർക്ക് ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് സൈനിക കേന്ദ്രം പിടിച്ചടക്കി വാഗ്നർ പട്ടാളം അപ്രതീക്ഷിത നീക്കത്തിന് തുടക്കമിട്ടത്.

റഷ്യൻ സൈനിക നേതൃത്വത്തിനെതിരെ തിരിച്ചടിക്കുമെന്ന് വാഗ്നര്‍ ഗ്രൂപ്പ് തലന്‍ യെവ്ഗനി പ്രിഗോസിൻ മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങളുടെ വഴിയില്‍ തടസ്സംനില്‍ക്കുന്നത് ആരായാലും അവരെ നശിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്. റഷ്യൻ സൈന്യത്തിനെതിരായ സായുധ കലാപമല്ല, നീതി തേടിയുള്ള മാർച്ചാണ് നടക്കുന്നതെന്നാണ് പ്രിഗോസിന്റെ വാദം.

എന്നാൽ, അതിമോഹം കൊണ്ട് ചിലർ രാജ്യദ്രോഹം ചെയ്തിരിക്കുന്നുവെന്നും കലാപകാരികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നുമാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പുടിന്‍ പറഞ്ഞത്. സൈന്യത്തിനെതിരെ ആയുധമെടുക്കുന്ന എല്ലാവരെയും രാജ്യദ്രോഹികളായി കണക്കാക്കും. റോസ്‌തോവിലെ സ്ഥിതി വിഷമകരമാണെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു. കലാപത്തെ പിന്നിൽ നിന്നുള്ള കുത്ത് എന്നാണ് പുടിൻ വിശേഷിപ്പിച്ചത്.

മോസ്കോ ഉൾപ്പെടെ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ്. വാഗ്നർ ഗ്രൂപ്പ് പിടിച്ചെടുത്ത റൊസ്തോവ് നഗരത്തിൽ ജനങ്ങൾക്ക് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. 

Tags:    
News Summary - Wagner appears to be moving north, in the direction of Moscow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.