മിൻസ്ക്: റഷ്യയിലെ സ്വകാര്യ സേന വാഗ്നറിന്റെ തലവൻ യെവ്ഗനി പ്രിഗോഷിൻ റഷ്യയിലുണ്ടെന്ന് ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകഷെങ്കോ. അട്ടിമറിയിൽനിന്ന് പിന്മാറുന്നതിന്റെ ഭാഗമായി ബെലറൂസിൽ അഭയംതേടിയ പ്രിഗോഷിൻ നിലവിൽ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലുണ്ടെന്ന് ലുകഷെങ്കോ പറഞ്ഞു.
വാഗ്നർ പട്ടാളം അവരുടെ ക്യാമ്പുകളിൽതന്നെ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. വാഗ്നർ സേന പട്ടാള അട്ടിമറിക്കു ശ്രമിച്ചപ്പോൾ, പ്രിഗോഷിനുമായി മധ്യസ്ഥചർച്ച നടത്തി അട്ടിമറിയിൽനിന്ന് പിന്തിരിപ്പിച്ചത് ലുകഷെങ്കോയായിരുന്നു. മധ്യസ്ഥചർച്ചയെ തുടർന്ന് പ്രിഗോഷിൻ ബെലറൂസിലേക്കു പോകുമെന്നാണ് പറയപ്പെട്ടിരുന്നത്.
ജൂൺ 24ന് ബെലറൂസിലേക്കു പോയ പ്രിഗോഷിൻ അന്ന് വൈകീട്ടുതന്നെ തിരിച്ച് സെന്റ് പീറ്റേഴ്സ്ബർഗിലെത്തിയെന്ന അനുമാനമാണ് റഷ്യൻ മാധ്യമമായ ഫെണ്ടാങ്ക പങ്കുവെച്ചത്. സെന്റ് പീറ്റേഴ്സ്ബർഗിലെ വാസിലിയേവ്സ്കി ദ്വീപിലെ തന്റെ ഓഫിസിൽ പ്രിഗോഷിൻ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്വകാര്യ വിമാനം ജൂൺ അവസാനം ബെലറൂസിലെത്തി അന്നു വൈകീട്ടുതന്നെ തിരിച്ചുപറന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. അതേസമയം, പ്രിഗോഷിന്റെ യാത്ര തങ്ങൾ നിരീക്ഷിക്കുന്നില്ലെന്നാണ് റഷ്യൻ സർക്കാറിന്റെ ഔദ്യോഗിക പ്രതികരണം.
പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിശ്വസ്തനായിരുന്ന പ്രിഗോഴിന്റെ കീഴിലുള്ള വാഗ്നർ സേനയാണ് റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിൽ മുഖ്യമായ പങ്കുവഹിച്ചിരുന്നത്.
ലെവിവ്: യുക്രെയ്ൻ നഗരമായ ലെവിവിലെ പാർപ്പിടസമുച്ചയത്തിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 34 പേർക്ക് പരിക്കുണ്ട്.
യുദ്ധം തുടങ്ങിയതിനുശേഷം ലെവിവിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് അധികൃതർ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ 21ഉം 95ഉം വയസ്സുള്ള സ്ത്രീകളാണ്. മിസൈലാക്രമണത്തിൽ 30ലേറെ വീടുകൾ തകർന്നതായി ലെവിവ് പ്രാദേശിക ഭരണകൂട തലവൻ മാക്സിം കൊസിറ്റ്സ്കി പറഞ്ഞു.
പാർപ്പിടകേന്ദ്രത്തിന്റെ മേൽക്കൂരയും മുകളിലെ രണ്ടു നിലകളും മിസൈലാക്രമണത്തിൽ തകർന്നു. തന്റെ അപ്പാർട്മെന്റിൽ റോക്കറ്റ് പതിച്ചാണ് 21കാരി കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട 95 വയസ്സുകാരി രണ്ടാം ലോകയുദ്ധത്തെ അതിജീവിച്ചെങ്കിലും റഷ്യൻ അധിനിവേശത്തെ അതിജീവിക്കാനായില്ലെന്ന് കൊസിറ്റ്സ്കി പറഞ്ഞു. ആക്രമണത്തിൽ സമീപത്തെ 60 അപ്പാർട്മെന്റുകൾക്കും 50 കാറുകൾക്കും കേടുപറ്റിയതായി ലിവിവ് മേയർ ആൻഡ്രിയെ സദോവി പറഞ്ഞു.
രണ്ടു ദിവസത്തെ ദുഃഖാചരണം മേയർ പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രെയ്ൻ പോളണ്ടുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ മേഖലയിലുള്ള ലിവിവ്, യുദ്ധം നടക്കുന്ന കിഴക്ക്-തെക്ക് മേഖലയിൽനിന്ന് 500 കിലോമീറ്റർ അകലെയുള്ള പ്രദേശമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.