കര, വ്യോമ ആക്രമണങ്ങൾ രൂക്ഷമായ കിഴക്കൻ യുക്രെയ്ൻ നഗരമായ സുമിയിൽ 700ഓളം ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. വിദ്യാർഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഖാർകീവ്, പിസോചിൻ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യക്കാരെ പൂർണമായും ഒഴിപ്പിക്കുമെന്നും വക്താവ് അറിയിച്ചു.
''സുമിയിൽ നിന്നും ഇന്ത്യൻ വിദ്യാർഥികളെ പുറത്തെത്തിക്കുന്നതിനാണ് പ്രധാന ശ്രദ്ധ നൽകുന്നത്. ഒഴിപ്പിക്കലിനായി ഒന്നിലധികം വഴികളാണ് തേടുന്നത്. വാഹനങ്ങളുടെ അഭാവവും തുടർച്ചയായ ഷെല്ലിങ്ങുമാണ് ഒഴിപ്പിക്കൽ ദുഷ്കരമാക്കുന്നത്. 'ഓപറേഷൻ ഗംഗ'യുടെ ഭാഗമായി 63 വിമാനങ്ങളിൽ 13,300ത്തിലധികം പേരെ യുക്രെയ്നിൽ നിന്നും ഇന്ത്യയിൽ എത്തിക്കാനായിട്ടുണ്ട്" -ബാഗ്ചി വ്യക്തമാക്കി.
ഇന്ത്യക്കാരെ പുറത്തെത്തിക്കുന്നതിന് പ്രാദേശിക വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യം യുക്രെയ്നോടും റഷ്യയോടും കേന്ദ്ര സർക്കാർ ആവർത്തിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ 13 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് വക്താവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.