ലോകത്തിലെ ഏറ്റവും സ്നേഹമുള്ള ജീവിയേതാണെന്ന് ചോദിച്ചാൽ നമ്മുടെ ഉത്തരം നായയെന്നായിരിക്കും. അല്ലേ? നായകളെ സ്നേഹിക്കുക എന്നത് കൊണ്ട് ആയുഷ്കാല സുഹൃത്തിനെ കിട്ടുന്നതിന് സമാനമാണെന്നാണ് നായ പ്രേമികളുടെ അഭിപ്രായവും. ഏതായാലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൃഗസ്നേഹികൾക്കിടയിലെ സൂപ്പർ ഹീറോയായി മാറിയിരിക്കുകയാണ് യു.എസ് കോളറാഡോയിലെ ഡഗ്ലസ് കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടിയായ മൈക്കിള്‍ ഗ്രഗോറെക്ക്. ശരീരത്തിൽ ഘടിപ്പിച്ച കാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ ഡഗ്ലസ് കൗണ്ടി ഷെരീഫിന്‍റെ ഓഫീസ് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
കാറിന് തീപിടിച്ചെന്ന ഫോൺ സന്ദേശത്തെ തുടർന്നാണ് മൈക്കിളും സംഘവും സംഭവസ്ഥലത്തെത്തുന്നത്. കാറിൽ നിന്നും വലിയ രീതിയിൽ പുകയുയർന്നത് ശ്രദ്ധയിൽപ്പെട്ട മൈക്കിൾ കയ്യിലുണ്ടായിരുന്ന ബാറ്റൺ ഉപയോഗിച്ച് കാറിന്‍റെ ചില്ലുകൾ തകർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കാറിനുള്ളിൽ തന്‍റെ വളർത്തുനായ ഹാങ്ക് അകപ്പെട്ടെന്ന് പരിഭ്രാന്തിയോടെ ഉടമ ഉദ്ദ്യോഗസ്ഥരോട് പറയുന്നുണ്ട്. ഇതിനെ തുടർന്ന് മൈക്കിൾ കാറിന്‍റെ പിന്നിലെ ഗ്ലാസ് ബാറ്റൺ ഉപയോഗിച്ച് തകർക്കുകയും ഉടമയെത്തി നായയെ വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഹാങ്കിനെ പുറത്തെടുക്കാൻ ഉടമ ശ്രമിക്കുന്നുണ്ടെങ്കിലും കഠിനമായ പുറന്തള്ളുന്ന പുക കാരണം ശ്രമങ്ങൾ വിഫലമായതോടെയാണ് മൈക്കിൾ നായയെ രക്ഷിക്കാൻ ശ്രമിക്കുന്നത്. പുറത്തെടുത്തയുടനെ കൂളാകാൻ മൈക്കിൾ ഹാങ്കിനെ മഞ്ഞിലേക്ക് പറഞ്ഞയക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
അസാധാരണമായ സംഭവത്തിന് അത്ഭുകരമായ അന്ത്യം എന്ന അടിക്കുറിപ്പോടെയാണ് ഡഗ്ലസ് കൗണ്ടി ഷെരീഫിന്‍റെ ഓഫീസ് പങ്കുവച്ചത്. ഇതിനോടകം 4.2 ലക്ഷം കോടി ആളുകളാണ് ദൃശ്യങ്ങൾ കണ്ടത്. അപ്പോൾ എന്ത് തന്നെ സംഭവിച്ചാലും ഹാങ്ക് തന്നോടൊപ്പം തിരികെയെത്തുമെന്ന എന്ന ചിന്ത മാത്രമാണുണ്ടായതെന്ന് മൈക്കിൾ പ്രതികരിച്ചു. ഡെപ്യൂട്ടിയുടെ അത്ഭുതകരമായ ശ്രമങ്ങളെ ഫേസ്ബുക്ക് കാഴ്ചക്കാർ അഭിനന്ദിച്ചു. സൂപ്പർ ഹീറോയെന്നാണ് ഫേസ്ബുക്ക് മൈക്കിളിനെ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.