കിയവ്: റഷ്യയുടെ പക്കൽ ആവശ്യത്തിനുള്ള ക്ലസ്റ്റർ ബോംബുകൾ കൈയിലുണ്ടെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രെയ്ൻ ക്ലസ്റ്റർ ബോംബ് പ്രയോഗിക്കുന്നപക്ഷം തിരിച്ചടിക്കാനുള്ള അവകാശം റഷ്യക്കുണ്ടെന്നും പുടിൻ പറഞ്ഞു. റഷ്യ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് പുടിന്റെ പരാമർശം. യുക്രെയ്ന് ക്ലസ്റ്റർ ബോംബുകൾ കൈമാറിയതായി യു.എസ് പ്രതിരോധ വിഭാഗമായ പെന്റഗൺ വ്യാഴാഴ്ച അറിയിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പുടിന്റെ പ്രതികരണം. യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യ ഇതുവരെ ക്ലസ്റ്റർ ബോംബ് ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ‘ഇതുവരെ ഞങ്ങളത് ചെയ്തിട്ടില്ല, ഞങ്ങളത് ഉപയോഗിച്ചിട്ടില്ല, അതിന്റെ ആവശ്യം ഉണ്ടായിട്ടുമില്ല’ എന്നാണ് പുടിൻ അഭിമുഖത്തിൽ പറഞ്ഞത്. ക്ലസ്റ്റർ ബോംബ് ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് അവകാശപ്പെടുമ്പോഴും യുദ്ധത്തിൽ റഷ്യയും യുക്രെയ്നും ഒരേപോലെ ക്ലസ്റ്റർ ബോംബ് ഉപയോഗിച്ചതായാണ് അസോസിയേറ്റഡ് പ്രസ് അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും പറയുന്നത്.
റഷ്യൻ അധിനിവേശം ആരംഭിച്ചശേഷം ഒട്ടേറെ ക്ലസ്റ്റർ വളയങ്ങൾ യുദ്ധ മേഖലകളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറുബോംബുകൾ ചേർത്തുവെച്ച ക്ലസ്റ്റർ ബോബ്, ആകാശത്തുവെച്ച് തുറന്ന് പല ബോംബുകളായി വർഷിച്ച് കനത്ത നാശം വിതറുന്ന ആയുധമാണ്. പൊട്ടാതെ കിടക്കുന്ന ബോംബുകൾ യുദ്ധം അവസാനിച്ച് കാലങ്ങൾക്കുശേഷവും അപകടം വരുത്തിവെക്കാമെന്നതിനാൽ മനുഷ്യാവകാശ സംഘടനകളും അമേരിക്കയുടെ ചില സഖ്യകക്ഷികളുമടക്കം ഇതിനെതിരെ രംഗത്തുവന്നിരുന്നു.
യുക്രെയ്നിലെ ഖേഴ്സണിൽ റഷ്യ വർഷിച്ച സ്ഫോടകവസ്തു തട്ടി എട്ടും പത്തും വയസ്സുള്ള ബാലന്മാർക്ക് പരിക്കേറ്റിരുന്നു. ഇവിടെ 69 ഷെല്ലാക്രമണങ്ങളാണ് റഷ്യ നടത്തിയതെന്ന് മേഖല ഗവർണർ ഒലക്സണ്ടർ പ്രൊകുഡിൻ പറഞ്ഞു. ഖേഴ്സണിൽ ശനിയാഴ്ച സ്ഫോടകവസ്തു അടങ്ങിയ വളയം നിർവീര്യമാക്കാനുള്ള ശ്രമത്തിനിടെ 59കാരൻ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.