നിയമി: ജനാധിപത്യത്തെ അട്ടിമറിച്ച് പട്ടാള ഭരണത്തിെന്റ ഉരുക്കുമുഷ്ടിയിൽ അമരുന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഒടുവിൽ ചേർക്കപ്പെട്ട രാജ്യമാണ് നൈജർ. പശ്ചിമ ആഫ്രിക്കയിൽ സഹാറ മരുഭൂമിയുടെ തെക്ക് വിശാലമായ സാഹേൽ മേഖലയിലെ രാജ്യങ്ങളാണ് പട്ടാള ഭരണത്തിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നത്. നിരന്തരമായ ഭീകരാക്രമണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട സർക്കാറുകൾക്കെതിരെ ജനങ്ങൾ തിരിയുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുന്നത്. സെനഗൽ, ഗാംബിയ, മോറിത്താനിയ, ഗിനിയ, മാലി, ബുർകിന ഫാസോ, നൈജർ, ചാഡ്, കാമറൂൺ, നൈജീരിയ എന്നിവ ഉൾപ്പെടുന്നതാണ് സാഹേൽ മേഖല.
സാഹേൽ മേഖലയിൽ മാത്രമല്ല, വിശാലമായ പശ്ചിമാഫ്രിക്കയിൽ മുഴുവൻ നേടിയ ജനാധിപത്യ നേട്ടങ്ങൾ ഇല്ലാതാക്കുമെന്ന് സൈനിക സർക്കാറുകൾ ഭീഷണിപ്പെടുത്തുന്നതായി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂനിറ്റിന്റെ പടിഞ്ഞാറൻ, മധ്യ ആഫ്രിക്ക അനലിസ്റ്റ് കരീം മാനുവൽ പറയുന്നു. അട്ടിമറികളുടെ ഫലമായി പ്രാദേശികസ്ഥിരത തകർക്കപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനിക ഭരണകൂടങ്ങളുള്ള സഹേൽ മേഖലയിലെ രാജ്യങ്ങൾ ഇവയാണ്:
2020 ആഗസ്റ്റിൽ മാലിയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഇബ്രാഹിം ബൗബക്കർ കെയ്റ്റയെ കേണൽ അസ്സിമി ഗോയിറ്റയുടെ നേതൃത്വത്തിലുള്ള സൈനികർ അട്ടിമറിച്ചതോടെയാണ് സഹേലിന്റെ ഏറ്റവും പുതിയ അട്ടിമറി പരമ്പര ആരംഭിച്ചത്. 18 മാസത്തിനുള്ളിൽ സിവിലിയൻ ഭരണകൂടത്തിന് സൈന്യം അധികാരം തിരികെ നൽകേണ്ടതായിരുന്നു. എന്നാൽ, തങ്ങൾ നിയമിച്ച ഇടക്കാല പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും ഏഴുമാസം കഴിഞ്ഞ് സൈന്യം നീക്കംചെയ്തു. ഇടക്കാല സർക്കാറിെന്റ പ്രസിഡന്റായി ഗോയിറ്റ ചുമതലയേൽക്കുകയും ചെയ്തു. 2024ൽ പുതിയ തെരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നതിനായി കരട് ഭരണഘടന കൊണ്ടുവരുന്നതിനായി കഴിഞ്ഞമാസം മാലിയിലെ ജനങ്ങൾ വോട്ട് രേഖപ്പെടുത്തി.
2022ൽ ബുർകിനഫാസോയിൽ രണ്ടു തവണയാണ് അട്ടിമറിയുണ്ടായത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് റോച്ച് മാർക്ക് കബോറെയെ അട്ടിമറിക്കാൻ സഹായിച്ച ലഫ്റ്റനന്റ് കേണൽ പോൾ ഹെൻറി സാൻഡോഗോ ഡാമിബയെ എട്ടു മാസത്തിനുശേഷം പട്ടാളം പുറത്താക്കി. സൈനിക ഓഫിസർമാർ, സിവിൽ സൊസൈറ്റി സംഘടനകൾ, ഗോത്ര, മത നേതാക്കൾ എന്നിവരടങ്ങിയ ദേശീയ അസംബ്ലി പശ്ചിമാഫ്രിക്കൻ രാജ്യത്തിെന്റ പുതിയ ചാർട്ടറിന് അംഗീകാരം നൽകുകയും ക്യാപ്റ്റൻ ഇബ്രാഹിം ട്രോറിനെ ഇടക്കാല ട്രാൻസിഷനൽ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 2024 ജൂലൈ മാസത്തോടെ രാജ്യത്തെ ജനാധിപത്യ ഭരണത്തിലേക്ക് തിരികെ കൊണ്ടുവരാൻ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൈനിക ഭരണകൂടം പറയുന്നത്.
2021 ഒക്ടോബറിൽ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്കിന്റെ പരിവർത്തന സർക്കാറിനെയും സൈനിക ഓഫിസർമാരും സിവിലിയൻമാരും ചേർന്നുള്ള പരമാധികാര സമിതിയെയും സൈന്യം പിരിച്ചുവിട്ടപ്പോൾ സുഡാൻ സൈനിക ഭരണത്തിൻ കീഴിലേക്ക് വഴുതിവീണു. കൗൺസിലിന്റെ നേതൃത്വം സൈന്യം സിവിലിയൻമാർക്ക് കൈമാറുന്നതിന് ആഴ്ചകൾക്കു മുമ്പാണ് അട്ടിമറിയുണ്ടായത്. ദീർഘകാലം രാജ്യം ഭരിച്ച ഉമർ അൽ ബഷീറിനെ അട്ടിമറിച്ച് ഏകദേശം രണ്ടു വർഷത്തിനു ശേഷമാണ് രാജ്യത്ത് വീണ്ടും സൈനിക അട്ടിമറിയുണ്ടായത്. 18 മാസങ്ങൾക്കുശേഷം, സുഡാൻ സൈന്യവും അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർ.എസ്.എഫ്) തമ്മിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു.
30 വർഷത്തിലേറെ ഭരിച്ച പ്രസിഡന്റ് ഇദ്രിസ് ഡെബി 2021 ഏപ്രിലിൽ വടക്കൻ മേഖലയിലെ വിമതർക്കെതിരെ പോരാടുന്നതിനിടെ കൊല്ലപ്പെട്ടപ്പോൾ മുതൽ ഛാദ് സൈനിക ഭരണത്തിൻ കീഴിലാണ്. തുടർന്ന് അദ്ദേഹത്തിന്റെ മകൻ ജനറൽ മുഹമ്മദ് ഇദ്രിസ് ഡെബി ഭരണഘടന വ്യവസ്ഥകൾക്ക് വിരുദ്ധമായി അധികാരമേറ്റു. രാജ്യത്തിന്റെ ജനാധിപത്യത്തിലേക്കുള്ള തിരിച്ചുവരവിനായി 18 മാസത്തെ സമയം നിശ്ചയിച്ച് ഇടക്കാല രാഷ്ട്രത്തലവനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ, 18 മാസത്തിനുശേഷം ഡെബിയുടെ കാലാവധി രണ്ടു വർഷം കൂടി നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.