റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ, വാഗ്നർ തലവൻ യെവ്ജെനി പ്രിഗോഷിൻ, ബെലറൂസ് പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോ

മോസ്കോ: റഷ്യയെ മുൾമുനയിൽ നിർത്തിയ വാഗ്നർ ഗ്രൂപ്പിന്‍റെ സായുധനീക്കത്തെ പിന്തിരിപ്പിക്കുന്നതിൽ നിർണായകമായത് സഖ്യകക്ഷിയും പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ വിശ്വസ്തനുമായ ബെലറൂസ് പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോയുടെ മധ്യസ്ഥത നീക്കങ്ങൾ. വാഗ്നർ പോരാളികൾ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമാക്കി നീങ്ങിയതോടെ വാഗ്നർ തലവൻ യെവ്ജെനി പ്രിഗോഷിനുമായി ചർച്ച നടത്താൻ ലുകാഷെങ്കോയോട് പുടിൻ നിർദേശിക്കുകയായിരുന്നു.

ചർച്ചയിലെ ധാരണപ്രകാരം വാഗ്നർ ഗ്രൂപ്പ് തുടങ്ങിവെച്ച സായുധനീക്കം അവസാനിപ്പിക്കണം. മോസ്കോയെ ലക്ഷ്യമിട്ടുള്ള മുന്നേറ്റം നിർത്തണം. റൊസ്തോവോൺ ഡോൺ ഉൾപ്പെടെ നിയന്ത്രണത്തിലാക്കിയ നഗരങ്ങൾ വിട്ടുപോകണം. സൈന്യത്തിനെതിരെ നീങ്ങിയതിന് വാഗ്നർ പോരാളികൾക്കെതിരെ നടപടിയുണ്ടാകില്ലെന്നും ചർച്ചയിൽ ധാരണയായി. പ്രിഗോഷിൻ ബെലറൂസിലേക്ക് മാറാമെന്നും സമ്മതിക്കുകയായിരുന്നു.

അതേസമയം, വാഗ്നർ ഗ്രൂപ്പിന്‍റെ അപ്രതീക്ഷിത നടപടിക്ക് പിന്നിൽ പുടിന്‍റെ കൈകളുണ്ടെന്ന ആരോപണം ഒരുവിഭാഗം ഉയർത്തുന്നുണ്ട്. ഭരണത്തിൽ തനിക്കുള്ള മേധാവിത്വം ചോദ്യംചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ സൈനിക ജനറൽമാരെ ഒതുക്കാൻ പുടിൻ തന്നെയാണ് വാഗ്നർ ഗ്രൂപ്പിനെ ഇറക്കിയതെന്നാണ് വിമർശനം. ഇതുവഴി യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യക്ക് സംഭവിച്ച തിരിച്ചടികളും സൈനിക നേതൃത്വത്തിന്‍റെ തലയിലിടാനായിരുന്നു നീക്കമെന്നും നടന്നതെല്ലാം നാടകമാണെന്നുമാണ് ആരോപിക്കപ്പെടുന്നത്.


പുടിന്‍റെ വിശ്വസ്തരായാണ് അറിയപ്പെട്ടതെങ്കിലും വാഗ്നർ ഗ്രൂപ്പും റഷ്യൻ സൈനിക മേധാവികളും തമ്മിൽ ഏറെക്കാലമായി അസ്വാരസ്യങ്ങൾ നിലവിലുണ്ട്. സൈന്യത്തിന് പുറത്ത് സമാന്തരമായൊരു സൈന്യമെന്നത് അംഗീകരിക്കാൻ പ്രയാസമുള്ള പലരും റഷ്യൻ നേതൃത്വത്തിലുണ്ട്. ​റഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രി സെ​ർ​ജി ഷോ​യ്ഗു​ വാഗ്നർ ഗ്രൂപ്പിനെതിരെ കടുത്ത നിലപാടെടുത്തയാളാണ്. സെ​ർ​ജി ഷോ​യ്ഗു​വി​നെ​യും സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ വ​ലേ​രി ജെ​റാ​സി​മോ​വി​നെ​യും പു​റ​ത്താ​ക്ക​ണ​മെ​ന്ന് പ്രി​ഗോ​ഷി​ൻ നേരത്തെ തന്നെ ആവശ്യമുയർത്തിയിരുന്നു.

യുക്രെയ്നിൽ റഷ്യൻ സൈന്യത്തോടൊപ്പം തോളോടുതോൾ ചേർന്ന് പോരാടുകയും സുപ്രധാനമായ ബഖ്മുത് നഗരം പിടിച്ചെടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട് വാഗ്നർ പട്ടാളം. എന്നാൽ, സൈനിക നേതൃത്വവുമായുള്ള അസ്വാരസ്യം യുക്രെയ്ൻ അധിനിവേശത്തിനിടെ തന്നെ പുറത്തുവന്നു. തങ്ങൾക്ക് ആവശ്യമായ ആയുധങ്ങളും പടക്കോപ്പുകളും റഷ്യ നൽകുന്നില്ലെന്നും ഇങ്ങനെ മുന്നോട്ടുപോയാൽ റഷ്യൻ സൈന്യത്തിന് യുദ്ധമുഖത്തുനിന്ന് പിന്മാറേണ്ടിവരുമെന്നും പ്രി​ഗോ​ഷി​ൻ മുന്നറിയിപ്പ് നൽകിയിരുന്നു. ആയുധങ്ങൾക്കായി നിരന്തരം വാഗ്നർ തലവൻ ആവശ്യമുന്നയിച്ചെങ്കിലും സൈന്യം ചെവികൊണ്ടില്ല. ഇതിനിടെ, റഷ്യൻ സൈന്യം തങ്ങൾക്കെതിരെ ആക്രമണം നടത്തിയെന്ന ആരോപണത്തോടെ വാഗ്നർ പട സൈന്യത്തിനെതിരെ നേരിട്ട് രംഗത്തെത്തി.

വാ​ഗ്ന​ർ പ​ട​യു​ടെ ബ​ഖ്മു​ത് ന​ഗ​ര​ത്തി​ലെ ക്യാ​മ്പി​ന് നേ​രെ റ​ഷ്യ​ൻ സൈ​ന്യം റോ​ക്ക​റ്റ് ആ​ക്ര​മ​ണ​വും ​വെ​ടി​വെ​പ്പും ന​ട​ത്തി​യെന്നും 2000ഓ​ളം പ​ട​യാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടെന്നുമാണ് പ്രി​ഗോ​ഷി​ന്റെ ആ​രോ​പ​ണം. റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചുവെങ്കിലും ഇതിന് പിന്നാലെ സായുധനീക്കം ആരംഭിക്കുകയായിരുന്നു. പു​ടി​ന്റെ ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മ​ല്ലെ​ന്നും നീ​തി ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മാ​ത്ര​മാ​ണു​ള്ള​തെ​ന്നുമായിരുന്നു പ്രി​ഗോ​ഷിന്‍റെ അവകാശവാദം. 

Tags:    
News Summary - What was in the agreement and how was Belarus involved?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.