ബ്രിട്ടനിൽ ആരാകും പ്രധാനമന്ത്രി? ഒരാഴ്ചക്കകം അറിയാം

ലണ്ടൻ: ലിസ് ട്രസ് രാജിവെച്ച ഒഴിവിൽ ആരാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നതെന്ന് ഒരാഴ്ചക്കകം അറിയാം. ബോറിസ് ജോൺസൻ രാജിവെച്ചതിന് ശേഷം രണ്ട് മാസത്തിലേറെ നീണ്ട കാമ്പയിന് ശേഷമാണ് കൺസർവേറ്റിവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടത്.

ഇത്തവണ നടപടികൾ പെട്ടെന്ന് തീരും. 357 കൺസർവേറ്റിവ് എം.പിമാരിൽ ആർക്കും മത്സരിക്കാം. 100 സഹ എം.പിമാരുടെ പിന്തുണ വേണമെന്നതിനാൽ മൂന്നുപേരേ മത്സരരംഗത്തുണ്ടാകൂ.

തിങ്കളാഴ്ച വരെ നാമനിർദേശം നൽകാം. മൂന്നുപേരാണുള്ളതെങ്കിൽ എം.പിമാർക്കിടയിൽ വോട്ടെടുപ്പ് നടത്തി കുറവ് വോട്ട് കിട്ടുന്ന ഒരാളെ മത്സരരംഗത്തുനിന്ന് നീക്കും.

തിങ്കളാഴ്ച വൈകീട്ട് 3.30 മുതൽ 5.30 വരെയാണ് ഈ വോട്ടെടുപ്പ്. ആറിന് ഫലം പ്രഖ്യാപിക്കും. ബാക്കി രണ്ടുപേരിൽനിന്ന് 1,72,000 കൺസർവേറ്റിവ് പാർട്ടി അംഗങ്ങൾക്കിടയിൽ ഓൺലൈനായി നടത്തുന്ന വോട്ടെടുപ്പിൽ വിജയിക്കുന്നയാൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും.

മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ, മുൻ ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്, മന്ത്രിസഭാംഗം പെന്നി മോർഡോണ്ട് എന്നിവരാണ് മത്സരരംഗത്തുണ്ടാകുകയെന്നാണ് കരുതുന്നത്. പാർലമെന്റിൽ കൺസർവേറ്റിവ് പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാൽ തെരഞ്ഞെടുക്കപ്പെടുന്നയാൾ സ്വാഭാവികമായും പ്രധാനമന്ത്രിയാകും. ഫൈനൽ റൗണ്ടിലെത്തുന്ന രണ്ടുപേർ തമ്മിൽ ഒരു ടെലിവിഷൻ സംവാദം ഉണ്ടായേക്കും.

ഒക്ടോബർ 28നാണ് പാർട്ടി അംഗങ്ങളുടെ ഓൺലൈൻ വോട്ടെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. ഋഷി സുനക് തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനാകും അദ്ദേഹം.

Tags:    
News Summary - who is the next prime minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.