യു.എന്നിലും പ്രതിഷേധ ചൂടറിഞ്ഞ് നെതന്യാഹു; പ്രസംഗത്തിന് മുമ്പ് പ്രതിനിധികൾ കൂട്ടത്തോടെ ഇറങ്ങിപ്പോയി

വാഷിങ്ടൺ: യു.എന്നിലും ജനറൽ അസംബ്ലിയിൽ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. കഴിഞ്ഞ ദിവസം നെതന്യാഹുവിനെ പൊതുസഭയിൽ സംസാരിക്കാനായി ക്ഷണി​ച്ചപ്പോൾ പ്രതിനിധികൾ കൂട്ടത്തോടെ എഴുന്നേറ്റ് പോവുകയായിരുന്നു. ഒടുവിൽ ആളുകൾ കുറവുളള ഒഴിഞ്ഞ ​കസേരകളുള്ള വേദിയെ അഭിമുഖീകരിച്ചാണ് നെതന്യാഹു സംസാരിച്ചത്.

സമാധാനമാണ് ഇസ്രായേൽ ആഗ്രഹിക്കുന്നതെന്ന് ബിന്യമിൻ നെതന്യാഹു പറഞ്ഞു. നിങ്ങൾ ആക്രമിച്ചാൽ ഞങ്ങളും ആക്രമിക്കുമെന്നും യു.എന്നിൽ അദ്ദേഹം വ്യക്തമാക്കി. ഞങ്ങളുടെ രാജ്യം യുദ്ധത്തിലാണ്. ജീവന് വേണ്ടിയാണ് പോരാട്ടം. ഞങ്ങളെ മാത്രമല്ല നിലനിൽക്കുന്ന സംസ്കാരത്തെ കൂടിയാണ് ശത്രുക്കൾ ആ​ക്രമിക്കുന്നത്. ഹമാസ് ആയുധംവെച്ച് കീഴടങ്ങുകയും ബന്ദികളെ വിട്ടയക്കുകയും ചെയ്താൽ ഈ യുദ്ധം ഇപ്പോൾ അവസാനിക്കും. ഹമാസ് ഗസ്സയിൽ അധികാരത്തിൽ തുടർന്നാൽ അവർ വീണ്ടും ശക്തിയാർജിച്ച് ഇസ്രായേലിനെതിരെ ആക്രമണങ്ങൾ നടത്തുമെന്നും നെതന്യാഹു പറഞ്ഞു.

ലബനാനിലെ ജനവാസകേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇസ്രായേൽ ആക്രമണങ്ങൾ നടത്തുന്നത്. നിലവിൽ ദാഹി ലക്ഷ്യമിട്ടാണ് ഇസ്രായേൽ മുന്നേറുന്നത്. ഇതുവരെ ആക്രമണങ്ങളിൽ 700ലേറെ പേർ മരിച്ചുവെന്നാണ് കണക്കുകൾ. ഇതിൽ 50ലേറെ പേർ കുട്ടികളാണ്. 1835 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഹിസ്ബുല്ലയുടെ കമാൻഡ് സെന്ററുകളും ആയുധപ്പുരകളും ലക്ഷ്യമിട്ടെന്ന പേരിൽ ജന​വാസകേന്ദ്രങ്ങൾക്കും ഫ്ലാറ്റ് സമുച്ചയങ്ങൾക്കും നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. നിലവിൽ ആക്രമണം നടത്തുന്ന സ്ഥലങ്ങളിൽ ഹിസ്ബുല്ലയുടെ കമാൻഡ് സെന്ററുകളോ ആയുധപ്പുരകളോ ഉള്ളതിന് തെളിവുകളൊന്നും നൽകാൻ ഇസ്രായേലിന് ആയിട്ടില്ല.

Tags:    
News Summary - ‘Enough is enough’: Benjamin Netanyahu On UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.