ബൈറൂത്: ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ലബനീസ് തലസ്ഥാനമായ ബൈറൂത്തിനു തെക്ക് ദഹിയയിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതായി ഹിസ്ബുല്ല നേതൃത്വം സ്ഥിരീകരിക്കുകയായിരുന്നു. 64കാരനായ നസ്റുല്ലയുടെ മരണത്തിൽ ശക്തമായി തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല നേതൃത്വം പ്രഖ്യാപിച്ചു.
ഹിസ്ബുല്ലയുടെ ദക്ഷിണ മേഖല കമാൻഡർ അലി കരാക്കെയാണ് കൊല്ലപ്പെട്ട മറ്റൊരു പ്രധാനി. എന്നാൽ, കരാക്കെയുടെ മരണം ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച, ഹിസ്ബുല്ലയുടെ മിസൈൽ വിഭാഗം മേധാവി ഇബ്രാഹീം ഖുബൈസിയെയും ഇസ്രായേൽ വധിച്ചിരുന്നു.
1992 മുതൽ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലാണ് ഹസൻ നസ്റുല്ല. സംഘടനയെ സൈനികമായും രാഷ്ട്രീയമായും ശക്തമാക്കിയ നസ്റുല്ലയെ ലക്ഷ്യമിട്ട് മുമ്പും ഇസ്രായേൽ ആക്രമണം നടത്തിയിട്ടുണ്ട്. 2006ൽ നടന്ന ഇസ്രായേൽ ആക്രമണത്തിലും നസ്റുല്ല കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ദിവസങ്ങൾക്കു ശേഷം നസ്റുല്ല പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.
ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ പേജർ, വോക്കിടോക്കി സ്ഫോടനങ്ങളിൽ നടത്തി നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം ഞെട്ടിച്ചതായും തിരിച്ചടിക്കുമെന്നും ഹസൻ നസ്റുല്ല വ്യക്തമാക്കിയിരുന്നു. പിന്നാലെ തെക്കൻ ലബനാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒറ്റദിവസം അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് ഹിസ്ബുല്ല തലവനെ തന്നെ ലക്ഷ്യമിട്ട് ഇസ്രായേൽ കനത്ത മിസൈൽ ആക്രമണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.