കെയ്റോ: വാക്സിനേഷൻ നിരക്ക് താരതമ്യേന കുറഞ്ഞ നിരക്കിലുള്ള മെഡിറ്ററേനിയൻ മേഖലയിൽ ഡെൽറ്റ വകഭേദം കോവിഡ് നാലാം തരംഗത്തിന് തിരികൊളുത്തിയതായി ലോകാരോഗ്യ സംഘടന. 'ഡെൽറ്റ വകഭേദം കാരണം ലോകാരോഗ്യ സംഘടനയുടെ ഈസ്റ്റേൺ മെഡിറ്ററേനിയൻ മേഖലയിൽ കോവിഡ് ബാധ രൂക്ഷമാകുകയാണ്. പ്രദേശത്തെ 22ൽ 15 രാജ്യങ്ങളിലും ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു' -ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറഞ്ഞു.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഡെൽറ്റ അതിവേഗം പടർന്ന് പിടിക്കുകയാണെന്നും വാക്സിനേഷന് വിധേയമാകാത്തവരിലാണ് ഇത് കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
'കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലും ലോകാരോഗ്യ സംഘടനയുടെ മറ്റെല്ലാ മേഖലകളിലുമുള്ള ഡെൽറ്റ വകഭേദത്തിന്‍റെ അതിവേഗ വ്യാപനം ആശങ്കയുളവാക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പുതിയ രോഗബാധയും മരണനിരക്കും വർധിച്ചു. പുതിയ കേസുകളിൽ ഭൂരിഭാഗവും ആശുപത്രിയിൽ പ്രവേശിപ്പിച്ചവരും വാക്സിൻ എടുക്കാത്തവരാണ്. മേഖല ഇപ്പോൾ കോവിഡ് നാലാം തരംഗത്തെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്' -ഡബ്ല്യു.എച്ച്.ഒ റീജ്യനൽ ഡയരക്ടർ ഡോ. അഹ്മദ് അൽ മന്ദരി പറഞ്ഞു.
മുൻ മാസത്തെ അപേക്ഷിച്ച് പുതിയ രോഗബാധ 55 ശതമാനവും മരണം 15 ശതമാനവും വർധിച്ചു. ആഴ്ചയിൽ 3,10,000 കേസുകളും 3500 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഉത്തര ആഫ്രിക്കൻ രാജ്യമായ തുണീഷ്യയടക്കം കോവിഡ് തരംഗത്തോട് പൊരുതുകയാണ്. ഓക്സിജന്റെയും ഐ.സി കിടക്കകളുടെയും ക്ഷാമം പ്രദേശത്ത് ആരോഗ്യ സംവിധാനത്തെയാകെ പ്രതിസന്ധിയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.