ശൈഖ് ഹസീന ഇന്ത്യയിലെത്തി ഒരു ദിവസം പിന്നീടുമ്പോഴും അവർക്ക് ആര് രാഷ്ട്രീയാഭയം നൽകുമെന്നതിൽ ഇനിയും തീരുമാനമായിട്ടില്ല. സഹോദരി ശൈഖ് രിഹാനക്ക് യു.കെ പൗരത്വമുള്ളതിനാൽ ഇന്ത്യയിലെത്തി അവിടേക്ക് പോകാനായിരുന്നു ശൈഖ് ഹസീനയുടെ പദ്ധതി. എന്നാൽ, ഹസീനക്ക് രാഷ്ട്രീയാഭയം നൽകാനാവില്ലെന്ന് യു.കെ അറിയിച്ചു. ഇപ്പോൾ ഏത് രാജ്യത്താണോ ഉള്ളത് അവിടെ തന്നെ രാഷ്ട്രീയാഭയം തേടുകയാവും നല്ലതെന്ന നിലപാടാണ് യു.കെ സ്വീകരിച്ചത്.
എന്നാൽ, ഹസീനയെത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും അവർക്ക് ഇന്ത്യ രാഷ്ട്രീയാഭയം നൽകുന്നതിൽ തീരുമാനമുണ്ടായിട്ടില്ല. മോദിയുടെ ഉറ്റസുഹൃത്തായിട്ടും ഹസീനക്ക് അഭയം നൽകുന്നതിൽ നിന്നും ഇന്ത്യയെ പിന്തിരിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്.
1975ൽ ശൈഖ് ഹസീന ഇന്ത്യയിലേക്ക് അഭയാർഥിയായി എത്തിയിട്ടുണ്ട്. ഭർത്താവിനും മക്കൾക്കും സഹോദരിക്കൊപ്പമായിരുന്ന അന്ന് ഹസീന ഇന്ത്യയിലെത്തിയത്. പിതാവ് ശൈഖ് മുജീബുർ റഹ്മാൻ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളുടെ കൊലപാതകത്തെ തുടർന്നായിരുന്നു ഹസീനയുടെ ഇന്ത്യയിലേക്കുള്ള വരവ്. തുടർന്ന് 1975 മുതൽ 1981 വരെ ആറ് വർഷക്കാലം അവർ ഇന്ത്യയിൽ കഴിഞ്ഞു.
എന്നാൽ, ഇപ്പോൾ അവർ വീണ്ടും ഇന്ത്യയിലെത്തുമ്പോൾ സ്ഥിതി മാറിയിരിക്കുന്നു. 1975ൽ അവർക്ക് അനുകൂലമായി സഹതാപ തരംഗം ബംഗ്ലാദേശിൽ ഉണ്ടായിരുന്നു. എന്നാൽ, ഇക്കുറി ഏകാധിപതിയായാണ് അവരുടെ ഇന്ത്യയിലേക്കുള്ള വരവ്.
ബംഗ്ലാദേശിനേയും ശൈഖ് ഹസീനയേയും പിന്തുണക്കുന്ന നിലപാടുകളാണ് ഇന്ത്യയിൽ അധികാരത്തിലിരുന്ന സർക്കാറുകൾ സ്വീകരിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഹസീനക്ക് അടുത്ത ബന്ധമുണ്ട്. എന്നാൽ, ബംഗ്ലാദേശിന്റെ തെരുവുകളിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ ഇന്ത്യക്കെതിരെയും വികാരമുണ്ടെന്നാണ് വിലയിരുത്തൽ. ശൈഖ് ഹസീനക്ക് രാജ്യം നൽകുന്ന പിന്തുണയാണ് ഇന്ത്യവിരുദ്ധ വികാരത്തിന് പിന്നിൽ.
നാളെ ബംഗ്ലാദേശിൽ പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ ശൈഖ് ഹസീനക്ക് നൽകുന്ന ഈ പിന്തുണ അവരുമായുള്ള ബന്ധത്തിന് തിരിച്ചടിയാവുമോയെന്ന് ഇന്ത്യ ഭയക്കുന്നുണ്ട്. ഹസീനയുമായല്ല ബംഗ്ലാദേശിലെ ജനങ്ങളുമായിട്ടാണ് തങ്ങൾക്ക് ബന്ധമെന്ന് വിശദീകരിക്കാനാണ് ഇപ്പോൾ ഇന്ത്യ ശ്രമിക്കുന്നത്. ഹസീനക്ക് രാഷ്ട്രീയാഭയം നൽകിയാൽ ഈ വാദത്തിന്റെ മുനയൊടിയും.
ശൈഖ് ഹസീനക്ക് അഭയം നൽകുന്നത് രാജ്യത്തിന്റെ കിഴക്കൻ അതിർത്തികളിൽ സംഘർഷത്തിന് കാരണമാവുമെന്നും ഇന്ത്യ ഭയപ്പെടുന്നു. ബംഗ്ലാദേശുമായി ഏകദേശം 4,096 കിലോ മീറ്റർ ഇന്ത്യക്ക് അതിർത്തിയുണ്ട്. നിലവിൽ അതിർത്തികളിൽ ബി.എസ്.എഫിന്റെ നേതൃത്വത്തിൽ കനത്ത ജാഗ്രതക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിർത്തികളിൽ ഉണ്ടായേക്കാവുന്ന അശാന്തിയും ശൈഖ് ഹസീനക്ക് അഭയം നൽകുന്നതിൽ നിന്നും ഇന്ത്യയെ പിന്തിരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.