ഗസ്സ: അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റിൽപറത്തി ഗസ്സയിലെ അൽ ശിഫ ആശുപത്രിയിലേക്ക് ഇരച്ചുകയറിയ ഇസ്രായേൽ സേനയുടെ നടപടിയിൽ ലോകവ്യാപക പ്രതിഷേധം. ആശുപത്രികൾ കൊലക്കളമാക്കി മാറ്റരുതെന്നും അതിക്രമത്തിൽ നടുക്കം പ്രകടിപ്പിക്കുന്നതായും ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം അണ്ടർ സെക്രട്ടറി മാർട്ടിൻ ഗ്രിഫിത് ‘എക്സി’ൽ കുറിച്ചു. നവജാത ശിശുക്കളുടെയും രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസ്സ സന്ദർശന വേളയിൽ കണ്ട കാഴ്ചകൾ മനസ്സിനെ മുറിവേൽപിച്ചെന്നും എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും യുനിസെഫ് എക്സി. ഡയറക്ടർ കാതറിൻ റസൽ പറഞ്ഞു. എങ്ങും വെടിയൊച്ചകളും കുട്ടികളടക്കമുള്ളവരുടെ നിലവിളികളുമാണ്. സുരക്ഷിത സ്ഥാനം ഇല്ലാതായിരിക്കുന്നു. ഈ ഭീകരതക്ക് അടിയന്തരമായി അന്ത്യം കുറിക്കേണ്ടതുണ്ട് -അവർ പറഞ്ഞു.
അൽ ശിഫയിൽ മാനുഷിക ദുരന്തം ഒഴിവാക്കാൻ പരമാവധി ശ്രമം നടത്തുന്നുണ്ടെങ്കിലും സുരക്ഷ ഇല്ലാത്തത് വെല്ലുവിളിയാണെന്ന് ഗസ്സയിലെ റെഡ്ക്രോസ് വക്താവ് ഹിശാം മുഹന്ന പറഞ്ഞു. റോഡുകൾ തകർന്നതിനാലും ശക്തമായ ബോംബിങ് നടക്കുന്നതിനാലും അഭയാർഥി ക്യാമ്പുകളിൽ സഹായവസ്തുക്കൾ എത്തിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ആശുപത്രി അതിക്രമം അന്താരാഷ്ട്ര കുറ്റകൃത്യമാണെന്ന് ജോർഡൻ വിദേശകാര്യ മന്ത്രാലയം വിമർശനമുന്നയിച്ചു. യു.എൻ രക്ഷാസമിതിക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. അക്രമം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണമെന്നും ജോർഡൻ ആവശ്യപ്പെട്ടു.
ഇസ്രായേൽ ഭീകര രാഷ്ട്രമാണെന്ന് അങ്കാറയിൽ എ.കെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. തങ്ങളുടെ കൈവശം ആണവായുധങ്ങളുണ്ടോയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വെളിപ്പെടുത്തണം. ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇസ്രായേലിന്റെ അന്ത്യം ആസന്നമാണ്. അമേരിക്ക അടക്കമുള്ള ചില പാശ്ചാത്യ രാജ്യങ്ങൾ ഗസ്സ വിഷയത്തിൽ നീതിക്കൊപ്പം നിലകൊണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.