മൂന്നോ ആറോ മാസത്തിൽ കോവിഡ് മഹാമാരിക്കാലത്തിന് അന്ത്യം കുറിച്ച് പുതിയൊരു പുലരിയെ വരവേൽക്കാൻ ഒരുങ്ങാമെന്ന പ്രതീക്ഷയിലാണ് ലോകം. എന്നാൽ അത്ര ശുഭകരമായ വാർത്തയല്ല ശാസ്ത്രലോകത്തിന് പറയാനുള്ളത്.
സമീപകാലത്ത് തന്നെ സ്കൂളുകളും കോളജുകളും വീണ്ടും അടച്ചുപൂട്ടുമെന്നും ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വൈറസ് പടർന്ന് പിടിക്കുമെന്നും തൊഴിലാളികൾ ഓഫീസുകളിലെത്തുന്നതോടെ ആശുപത്രികൾ വീണ്ടും നിറയുമെന്നുമാണ് മുന്നറിയിപ്പുകൾ.
മഹാമാരി അവസാനിക്കുന്നതിന് മുമ്പ് ലോകത്ത് എല്ലാവരെയും രോഗം ബാധിക്കുകയോ അല്ലെങ്കിൽ വാക്സിനേഷന് വിധേയമാകുകയോ ചെയ്യുമെന്ന് വിദഗ്ധർ ഉറപ്പ് നൽകുന്നു.
ലോകത്ത് ഇനിയും കോവിഡ് വ്യാപനം കൂടാൻ സാധ്യതയുണ്ടെന്നാണ് മിനിയാപൊളിസിലെ മിനസോട്ട സർവകലാശാലയിലെ സെന്‍റർ ഫോർ ഇൻഫെക്ഷ്യസ് ഡിസീസ് റിസർച്ച് ആൻഡ് പോളിസി ഡയറക്ടറും യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഉപദേശകനുമായ മൈക്കൽ ഓസ്റ്റർഹോം പറയുന്നത്. 'ഈ വർഷത്തെ ശരത്കാലത്തും ശൈത്യകാലത്തും കോവിഡ് ബാധ ഉയരുമെന്ന് ഞാൻ കരുതുന്നു' -മൈക്കൽ ഓസ്റ്റർഹോം പറഞ്ഞു.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് ഇതുവരെ പ്രതിരോധ കുത്തിവെപ്പ് ലഭിച്ചിട്ടില്ല. പല സ്ഥലങ്ങളിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ നീക്കി സമ്പദ്‌വ്യവസ്ഥകൾ വീണ്ടും ഉണർന്ന് വരികയാണ്. ഈ സാഹചര്യത്തിൽ വൈറസിനെ പൂർണമായി ഇല്ലാതാക്കാനുള്ള സാധ്യത കുറവായതിനാൽ വരും മാസങ്ങളിൽ ക്ലാസ് റൂമുകൾ, പൊതുഗതാഗതങ്ങൾ, ജോലിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നായി കൂടുതൽ പേർക്ക് രോഗം പിടിപെേട്ടക്കാം. പ്രതിരോധ കുത്തിവെപ്പ് നിരക്ക് ഉയരുമ്പോഴും രോഗബാധിതരാകുന്ന ആളുകൾ അപ്പോഴും ഉണ്ടാകും. നവജാത ശിശുക്കൾ, കുത്തിവെപ്പ് എടുക്കാൻ കഴിയാത്ത ആളുകൾ എന്നിങ്ങനെയുള്ളവർക്ക് കോവിഡ് പിടിപെടാൻ സാധ്യത ഏറെയാണ്.
വാക്സിൻ കൊണ്ട് പ്രതിരോധിക്കാൻ സാധിക്കാത്ത കോവിഡ് വകഭേദം വികസിക്കുകയാണെങ്കിൽ അതായിരിക്കും ഏറ്റവും അപകടകരം. അടുത്ത കുറച്ച് മാസങ്ങൾ ദുഷ്‌കരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. സമ്പദ്‌വ്യവസ്ഥകളിലും വിപണികളിലും ഫാർമസ്യൂട്ടിക്കൽ വ്യവസായം, യാത്ര എന്നീ മേഖലകളിലും മഹാമാരിയുടെ അടുത്ത വരവ് നന്നായി പ്രതിഫലിക്കും.
ആറുമാസത്തിനുള്ളിൽ മഹാമാരി അവസാനിക്കില്ലെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ആഗോള ജനസംഖ്യയുടെ 90% മുതൽ 95% വരെ പ്രതിരോധ കുത്തിെവപ്പിലൂടെയോ മുമ്പത്തെ അണുബാധയുടെ ഫലമായോ പ്രതിരോധശേഷി കൈവരിച്ചാൽ മഹാമാരിയെ പിടിച്ചുകെട്ടാമെന്ന് വിദഗ്ധർ സമ്മതിക്കുന്നു. മഹാമാരിക്കെതിരായ ഏക മരുന്നായി അവർ ചൂണ്ടിക്കാണിക്കുന്നത് വാക്സിനേഷനാണ്.
ലോകത്ത് ഇതുവരെ 566 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിൽ ഭൂരിഭാഗവും യൂറോപ്യൻ യൂനിയൻ, വടക്കൻ അമേരിക്ക, ചൈന എന്നിവിടങ്ങളിലാണ്. ആഫ്രിക്കയിൽ രണ്ട് ഡോസ് വാക്സിനും നൽകിയത് അഞ്ച് ശതമാനം ജനസംഖ്യക്ക് മാത്രമാണ്. ഇന്ത്യയിൽ 26 ശതമാനം പേർക്ക് മാത്രമാണ് രണ്ട് ഡോസ് വാക്സിനും ലഭിച്ചത്.
മുമ്പത്തെ വ്യാപനം പോലെ തന്നെ കോവിഡ് വ്യത്യസ്ത സമയങ്ങളിലാണ് വ്യത്യസ്ത സ്ഥലങ്ങളിൽ അവസാനിക്കുകയെന്ന് ഓക്സ്ഫഡ് സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസറും 'പകർച്ചവ്യാധികൾ എങ്ങനെ അവസാനിക്കുന്നു' എന്ന പദ്ധതിയുടെ കോർഡിനേറ്ററുമായ എറിക്ക ചാർട്ടേഴ്സ് പറഞ്ഞു.
കോവിഡ് കേസുകൾ താരതമ്യേന കുറവായ ഡെൻമാർക്, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ കോവിഡാനന്തര കാലത്തേക്ക് ചുവടുവെച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് രോഗികളുടെ എണ്ണം റെക്കോഡിനോട് അടുക്കുേമ്പാഴും അമേരിക്കയും ബ്രിട്ടനും രാജ്യം പൂർണമായി തുറക്കുകയാണ്. അതേസമയം, ചൈനയും ഹോങ്കോങ്ങും ന്യൂസിലൻഡും വൈറസിനെ പ്രാദേശികമായി ഇല്ലാതാക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.