പെൻസിൽവേനിയയിൽ പോരാട്ടം മുറുകുന്നു; ജോർജിയയിലും ഒപ്പത്തിനൊപ്പം

വാഷിങ്​ടൺ: ദിവസങ്ങളായി നീണ്ടുനിൽക്കുന്ന യു.എസ്​ തെരഞ്ഞെടുപ്പിലെ അനിശ്​ചിതത്വങ്ങൾക്ക്​ ഇനിയും അറുതിയായില്ല. വെള്ളിയാഴ്​ചയും യു.എസിൽ വോ​ട്ടെണ്ണൽ തുടരുകയാണ്​. ജോർജിയ, നെവാഡ, നോർത്ത്​ കരോളിന, പെൻസിൽവാനിയ, അരിസോണ എന്നിവടങ്ങളിലാണ്​ വോ​ട്ടെണ്ണൽ പുരോഗമിക്കുന്നത്​. ഇതിൽ അരിസോണയിൽ ബൈഡൻ ജയിച്ചുവെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ജോർജിയയിലും കനത്ത പോരാട്ടം നടക്കുന്നുവെന്നാണ്​ റിപ്പോർട്ട്​.ജനാധിപത്യത്തിൽ ക്ഷമ ആവശ്യം വേണ്ട ഒന്നാണെന്നാണ്​ തെരഞ്ഞെടുപ്പ്​ ഫലം നീണ്ടുപോകുന്നതുമായി ബന്ധപ്പെട്ട്​ ബൈഡൻെറ പ്രതികരണം.

ഡെമോക്രാറ്റിക്​ സ്ഥാനാർഥി ജോ ബൈഡനാണ്​ പുതിയ റിപ്പോർട്ടുകൾ പ്രകാരവും മുന്നേറുന്നത്​. 264 ഇലക്​ടറൽ വോട്ടുകളാണ്​ ബൈഡൻ നേടിയത്​. ഈ ​രീതിയിൽ മുന്നേറുകയാണെങ്കിൽ 270 ഇലക്​ടറൽ വോട്ടുകൾ നേടി ബൈഡൻ ഭരണം പിടിക്കും. 214 ഇലക്​ടറൽ വോട്ടുകളുടെ പിന്തുണയാണ്​ ട്രംപിനുള്ളത്​.

വോ​ട്ടെണ്ണൽ പുരോഗമിക്കുന്ന സംസ്ഥാനങ്ങൾ

ജോർജിയ

ഇലക്​ടറൽ വോട്ടുകൾ: 16

ബൈഡനെതിരെ ട്രംപിൻെറ മുന്നേറ്റം, ട്രംപ്​ 49.5 ശതമാനം വോട്ടും ബൈഡൻ 49.3 ശതമാനം വോട്ടും നേടി,

വ്യത്യാസം: 9,500 വോട്ടുകൾ

ജോർജിയയിൽ ഇനിയും 47,000 വോട്ടുകളാണ്​ എണ്ണാനുള്ളതെന്ന്​ സെക്രട്ടറി ഓഫ്​ സ്​റ്റേറ്റ്​ ഓഫീസ്​ അറിയിച്ചു. ഇതിൽ കൂടുതലും ഡെമേക്രാറ്റുകൾക്ക്​ ലഭിക്കുമെന്നാണ്​ വിലയിരുത്തൽ

പെൻസിൽവേനിയ

ബൈഡനെതിരെ ട്രംപിൻെറ മുന്നേറ്റം. 49.9 ശതമാനം വോട്ടുകൾ ട്രംപും 48.8 ശതമാനം വോട്ടുകൾ ബൈഡനും നേടിയിട്ടുണ്ട്​

വ്യത്യാസം: 75,000 വോട്ടുകൾ

വോ​ട്ടെണ്ണൽ പുരോഗമിക്കുകയാണെന്നാണ്​ അറിയിപ്പാണ്​ പെൻസിൽവേനിയയിലെ അധികൃതർ നൽകുന്നത്​. എങ്കിലും എത്ര വോട്ടുകൾ ഇനിയും എണ്ണാനുണ്ടെന്നതിൽ വ്യക്​തതയില്ല. വോട്ടുകൾ എപ്പോൾ എണ്ണി തീരുമെന്നതിലും ഇനിയും വ്യക്​തതയായിട്ടില്ല. ഫിലാൽഡൽഫിയയിലുൾപ്പടെ ബൈഡൻ മുന്നേറുകയാണ്​. ഇനി എണ്ണാനുള്ള വോട്ടുകളിൽ മൂന്നിൽ രണ്ട്​ നേടിയാൽ മാത്രമേ ബൈഡന്​ വിജയിക്കാനാവു

നെവാഡ

ഇലക്​ടറൽ വോട്ടുകൾ -6

ട്രംപിനെതിരെ ബൈഡൻെറ മുന്നേറ്റം. ബൈഡന്​ 49.4 ശതമാനം വോട്ടുകളും ട്രംപിന്​ 48.5 ശതമാനം വോട്ടുകളും ലഭിച്ചു

വ്യത്യാസം: 11,000 വോട്ടുകൾ

നെവാഡയിൽ തെരഞ്ഞെടുപ്പ്​ ദിനത്തിലെ മുഴുവൻ വോട്ടുകളും എണ്ണി കഴിഞ്ഞിട്ടുണ്ട്​. ബാക്കി എണ്ണാനുള്ള വോട്ടുകൾ ബൈഡന്​ അനുകൂലമാവുമെന്നാണ്​ വിലയിരുത്തൽ. ഇനിയും 190,000 വോട്ടുകളാണ്​ എണ്ണാനുള്ളത്​. ഇതിൽ ഭൂരിപക്ഷവും ക്ലാർക്ക്​ പ്രദേശത്ത്​ നിന്നുള്ളതാണ്​ . ഇവിടെ ലീഡ്​ ചെയ്യുന്നത്​ ബൈഡനാണ്​

അരിസോണ

ഇലക്​ടറൽ വോട്ടുകൾ: 11

ബൈഡൻെറ മുന്നേറ്റം, ബൈഡൻ 50.4 ശതാമനം വോട്ടും ട്രംപ്​ 48.2 ശതമാനം വോട്ടും നേടി

വ്യത്യാസം: 65,000 വോട്ടുകൾ

അരിസോണ പിടിക്കണമെങ്കിൽ ഇനി എണ്ണാനുള്ള വോട്ടുകളുടെ 60 ശതമാനവും ട്രംപ്​ നേടണം. യു.എസ്​ സമയം വ്യാഴാഴ്​ച രാത്രിയോടെ അരിസോണയുടെ ഫലമറിയുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

നോർത്ത്​ കരോളിന

ഇലക്​ടറൽ വോട്ടുകൾ: 15

ബൈഡനെതിരെ ട്രംപിൻെറ മുന്നേറ്റം, ട്രംപിന്​ 50 ശതമാനം വോട്ടുകളും ബൈഡന്​ 48.6 ശതമാനം വോട്ടുകളും ലഭിച്ചു

വ്യത്യാസം: 77,000 വോട്ടുകൾ

ഇനി എണ്ണാനുള്ള വോട്ടുകളിൽ മൂന്നിൽ രണ്ട്​ നേടിയാൽ ബൈഡന്​ മുന്നിലെത്താം. ഇതിൽ കുറേ വോട്ടുകൾ ബൈഡന്​ അനുകൂലമാകുമെന്നാണ്​ വിലയിരുത്തൽ.

ഡോണൾഡ്​ ട്രം​പിന്‍റെ വിജയസാധ്യത ഇങ്ങനെ

ഡോണൾഡ്​ ട്രംപിന്​ വിജയിക്കണമെങ്കിൽ 56 ഇലക്​ടറൽ വോട്ടുകൾ കൂടി വേണം. പെൻസൽവാനിയയും മറ്റ്​ മൂന്ന്​ സംസ്ഥാനങ്ങളുടെ കൂടി പിന്തുണയുണ്ടെങ്കിൽ മാത്രമേ ട്രംപിന്​ 270 എന്ന മാജിക്​ സംഖ്യയിൽ എത്താനാകും. എന്നാൽ, ഫിലാഡൽഫിയ, പിറ്റസ്​ബർഗ്​ തുടങ്ങിയ സ്ഥലങ്ങളിലെ ഡെമോക്രാറ്റ്​ മുന്നേറ്റം ട്രംപിൻെറ പ്രതീക്ഷകൾക്ക്​ മുകളിൽ കരിനിഴൽ വീഴ്​ത്തും

ജോ ബൈ​ഡ​ന്‍റെ വിജയസാധ്യത ഇങ്ങനെ

ഇനിയുള്ള ആറ്​ ഇലക്​ടറൽ വോട്ടുകൾ നേടാൻ ബൈഡന്​ മുന്നിൽ ഒരുപാട്​ വഴികളുണ്ട്​. പെൻസൽവാനിയയിലെ 20 ഇലക്​ടറൽ വോട്ടുകൾ നേടിയാൽ ബൈഡന്​ മുന്നിലെത്താം. നെവാഡയിൽ വിജയം നേടിയാലും ബൈഡന്​ ഭൂരിപക്ഷം ഉറപ്പിക്കാനാകും. ജോർജിയ അല്ലെങ്കിൽ നോർത്ത്​ കരോളിനയിൽ മുന്നേറ്റം നടത്തിയാലും ബൈഡന്​ യു.എസ്​ പ്രസിഡൻറ്​ സ്ഥാനത്തേക്കുള്ള ആദ്യ ചുവടുവെപ്പ്​ നടത്താനാകും.

യു.എസ് കോൺഗ്രസിൽ ഡെമോക്രാറ്റിക് മുന്നിൽ, സെനറ്റിൽ റിപബ്ലിക്കൻ പാർട്ടിക്ക് മുൻതൂക്കം

അമേരിക്കൻ ജനപ്രതിനിധി സഭയായ കോൺഗ്രസിലേക്കും ഉപരിസഭയായ സെനറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലും പുരോഗമിക്കുന്നു. യു.എസ് കോൺഗ്രസിൽ 204 സീറ്റ് നേടിയ ഡെമോക്രാറ്റിക് പാർട്ടിയാണ് ലീഡ് ചെയ്യുന്നത്. 190 സീറ്റുകളാണ് റിപ്പബ്ലിക്കൻ പാർട്ടി നേടിയത്.

യു.എസ് കോൺഗ്രസിൽ ഭൂരിപക്ഷത്തിന് 218 സീറ്റ് വേണം. ഉപരിസഭയായ സെനറ്റിൽ റിപബ്ലിക്കൻ പാർട്ടിക്കാണ് മുൻതൂക്കം. റിപബ്ലിക്കൻ 48 സീറ്റ് നേടിയപ്പോൾ ഡെമോക്രാറ്റുകൾ 46 സീറ്റ് നേടി. 100 അംഗ സെനറ്റിൽ 51 സീറ്റ് വേണം ഭൂരിപക്ഷം ലഭിക്കാൻ.


പ്രമീള ജയ്പാൽ, രാജ കൃഷ്​ണമൂർത്തി, റോ ഖന്ന, അമി ബേര എന്നിവർ


ഇന്ത്യൻ വംശജരും ഡെമോക്രാറ്റിക് സ്ഥാനാർഥികളുമായ രാജ കൃഷ്​ണമൂർത്തി, പ്രമീള ജയ്പാൽ, അമി ബേര, റോ ഖന്ന എന്നിവർ വിജയിച്ചു. ഡെമോക്രാറ്റിക്​പ്രതിനിധി രാജ കൃഷ്​ണമൂർത്തി വീണ്ടും ജനപ്രതിനിധി സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയാണ്​ 47കാരനായ രാജ കൃഷ്​ണമൂർത്തി ഇല്ലിനോയിസിൽ നിന്നും വിജയിക്കുന്നത്. രാജ കൃഷ്​ണമൂർത്തിയുടെ രക്ഷിതാക്കൾ തമിഴ്​നാട്ടിൽ നിന്നുള്ളവരാണ്​. 2016ലാണ് അദ്ദേഹം ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്​.

ഇന്ത്യൻ വംശജരും ഡെമോക്രാറ്റിക് സ്ഥാനാർഥികളുമായ അമി ബേരയും റോ ഖന്നയും വിജയിച്ചു. അമി ബേര കാലിഫോർണിയ ഡിസ്ട്രിക്ട് ഏഴിൽ നിന്ന് 61 ശതമാനം വോട്ട് നേടി വിജയിച്ചു. റോ ഖന്ന 74 ശതമാനം വോട്ട് നേടിയാണ് ഡിസ്ട്രിക്ട് 17ൽ നിന്ന് വിജിച്ചത്. ഡെമോക്രാറ്റിന്‍റെ കോൺഗ്രസ്​അംഗം പ്രമീള ജയ്പാൽ വാഷിങ്ടണിൽ നിന്ന്​ മൂന്നാം തവണയും വിജയിച്ചു. ഡോ. ഹിരൽ തിപിർനേനി അരിസോണയിൽ ഡെമോക്രാറ്റിക്​പാർട്ടി സ്ഥാനാർഥിയായി മത്സരരംഗത്തുണ്ട്. ടെക്സസിൽ ഡെമോക്രാറ്റിക് ​സ്ഥാനാർഥി ശ്രീ കുൽകർനി പരാജയപ്പെട്ടു.

ഡെമോക്രാറ്റ്​ അംഗം ഇലാൻ ഉമർ രണ്ടാം തവണയും യു.എസ്​ ജനപ്രതിനിധി സഭയിലേക്ക് വിജയിച്ചു​. മിനിസോട്ടയിലെ ഫിഫ്​ത്ത്​ ഡിസ്​ട്രിക്​റ്റിൽനിന്ന്​ 2018ലാണ്​ ആദ്യം ഇലാൻ ജനപ്രതിനിധി സഭയിലെത്തുന്നത്​. ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ സൊമാലി -അമേരിക്കൻ വംശജ കൂടിയാണ്​ ഇവർ.

അമേരിക്കയിൽ വിവാദമായ 'ക്യുഅനോൺ' ഗൂഢാലോചന സിദ്ധാന്തത്തെ പിന്തുണക്കുന്ന മാർജോറി ടെയ്‌ലർ ഗ്രീൻ യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായിരുന്ന ഗ്രീൻ ജോർജിയയിലെ 14മത് ജില്ലയിൽ നിന്നാണ് വിജയിച്ചത്. ഗ്രീന്‍റെ എതിരാളി ഡെമോക്രാറ്റിക് സ്ഥാനാർഥി മൽസരത്തിൽ നിന്ന് സെപ്റ്റംബറിൽ പിന്മാറിയിരുന്നു.

ഡെമോക്രാറ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ മിഷിഗൻ സംസ്ഥാനത്തെ 13ാം ജില്ലയിൽ നിന്ന് ജനവിധി തേടുന്ന മുസ് ലിം-അമേരിക്കൻ സ്ഥാനാർഥിയായ റാഷിദ തലൈബ് വിജയിച്ചു. 77.8 വോട്ട് നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ റാഷിദ വിജയിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ ഡേവിഡ് ഡുഡെഹോഫർ 18.9 ശതമാനം വോട്ട് നേടി. 

അമേരിക്കൻ വംശജരല്ലാത്തവരും കറുത്ത വർഗക്കരായ അമേരിക്കക്കാരും ബൈഡന്​ വോട്ട് ചെയ്തെന്നാണ് അഭിപ്രായ സർവേകൾ സുചിപ്പിക്കുന്നത്. സ്ത്രീ വോട്ടർമാർക്കിടയിലും വെള്ളക്കാരല്ലാത്ത വോട്ടർമാർക്കിടയിലും​ ബൈഡനാണ് സ്വാധീനം. അതേസമയം, ​അമേരിക്കൻ വംശജർ, 65 വയസിനു മുകളിൽ പ്രായമുള്ളവർ, ബിരുദമില്ലാത്തവർ എന്നീ വിഭാഗങ്ങൾക്കിടയിൽ ട്രംപിന് അനുകൂലമായി നിലപാട് സ്വീകരിച്ചെന്നാണ് റിപ്പോർട്ട്.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.