ടോക്യോ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ നീതീകരിക്കാനാകാത്ത കിരാതമായ നടപടിയെന്ന് വിശേഷിപ്പിച്ച് ലോകം. റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങൾ വേണമെന്നും ആവശ്യമുയർന്നു. ആക്രമണം ലോകത്തെയൊന്നാകെ പ്രഹരമേൽപിച്ചിരിക്കയാണ്. ഓഹരിവിപണികൾ തകർന്നടിഞ്ഞു. എണ്ണവില കുതിച്ചുയർന്നു. യുക്രെയ്നിലേക്കുള്ള വിമാനങ്ങൾ നിർത്തിവെച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാൽ യു.എൻ രക്ഷാസമിതി അടിയന്തരയോഗം ചേർന്നു. സമാധാനത്തിന്റെ പാത തെരഞ്ഞെടുക്കണമെന്നും സൈന്യത്തെ പിൻവലിക്കണമെന്നും അവസാനവട്ട ശ്രമമെന്നോണം യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോട് അഭ്യർഥിച്ചു.
യുക്രെയ്ൻ അധിനിവേശം ദൂരവ്യാപക പരിണതഫലമുണ്ടാക്കുമെന്ന് യൂറോപ്യൻ യൂനിയൻ അപലപിച്ചു. 27 അംഗ യൂനിയൻ നിലവിൽ റഷ്യക്കെതിരെ ഉപരോധങ്ങൾചുമത്തിയിട്ടുണ്ട്. കൂടുതൽ ഉപരോധങ്ങൾ പിന്നാലെ വരുന്നുണ്ടെന്നും മുന്നറിയിപ്പുണ്ട്. റഷ്യൻ ആക്രമണം യുക്രെയ്ന് ഭീതിയുടെയും യൂറോപ്പിന് ഇരുട്ടിന്റെയും ദിനമാണെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ കനത്തലംഘനമാണിത്.-അദ്ദേഹം പറഞ്ഞു.
ഒരു പരമാധികാര രാജ്യത്തെ കടന്നാക്രമിച്ച റഷ്യൻ നടപടിയെ ചെക് റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റർ ഫിയാല വിമർശിച്ചു. വിവരങ്ങൾ ശേഖരിക്കുകയാണെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ അറിയിച്ചു. റഷ്യക്കെതിരായ ഉപരോധങ്ങൾ മാർച്ച് അവസാനമേ പ്രാബല്യത്തിൽ വരുകയുള്ളൂവെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ പറഞ്ഞു.
റഷ്യൻ നടപടിയെ അപലപിച്ച യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ യുക്രെയൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായും ചർച്ച നടത്തി. ആക്രമണത്തിന്റെ പാത തെരഞ്ഞെടുത്തതോടെ നിരപരാധികളുടെ ജീവൻ ബലിയാടാക്കുകയാണ് റഷ്യയെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് കുറ്റപ്പെടുത്തി. യുക്രെയ്നെതിരായ സൈനിക നടപടിയിൽ പങ്കാളിയാകില്ലെന്ന് ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ വ്യക്തമാക്കി. റഷയുടെ നടപടിക്ക് കടുത്ത ഉപരോധത്തിന്റെ രൂപത്തിൽ എത്രയും വേഗം തിരിച്ചടി നൽകണമെന്ന് പോളണ്ട് പ്രധാനമന്ത്രി മറ്റേയൂസ് മൊറാവിക്കി ആഹ്വാനം ചെയ്തു.
ആക്രമണത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും അപലപിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ഫ്രാൻസ് മറ്റു രാജ്യങ്ങൾക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നീതീകരിക്കാനാകാത്ത ആക്രമണമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗിയും വിമർശിച്ചു. റഷ്യയുടെ ആക്രമണം ചെറുക്കാൻ യുക്രെയ്ന് സഹായം നൽകുമെന്ന് സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൺ വ്യക്തമാക്കി. റഷ്യക്കെതിരെ കടുത്ത നടപടി വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ആവശ്യപ്പെട്ടു. അതിനിടെ, കിഴക്കൻ യുക്രെയ്നിലെ വിമതർ സഹായം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പടനീക്കമെന്നും മറ്റു രാജ്യങ്ങൾ ഇക്കാര്യത്തിൽ ഇടപെടാൻ ശ്രമിച്ചാൽ കനത്തതിരിച്ചടിയുണ്ടാകുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.