1. കോസെനും ജ്യോതിയും 2018ൽ ഗിസ പിരമിഡിന് മുന്നിൽ 2. ആറ് വർഷത്തിന് ശേഷം കലിഫോർണിയയിൽ കണ്ടുമുട്ടിയപ്പോൾ 

ലോകത്തിലെ ചെറിയ, വലിയ മനുഷ്യർ വീണ്ടും കണ്ടുമുട്ടി; സൗഹൃദത്തിന് മുന്നിൽ ഉയരമൊക്കെ വെറും നമ്പർ മാത്രം -ചിത്രങ്ങൾ കാണാം

കലിഫോർണിയ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനും ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനും ഒരിക്കൽ കൂടി കണ്ടുമുട്ടി. ഇരുവും ഒന്നിച്ചിരുന്ന് സൗഹൃദം പങ്കിട്ടപ്പോൾ ഉയരവ്യത്യാസമെല്ലാം വെറും നമ്പറുകൾ മാത്രമായി. എട്ടടി മൂന്നിഞ്ച് ഉയരമുള്ള (251 സെന്‍റിമീറ്റർ) തുർക്കിക്കാരൻ സുൽത്താൻ കോസെനും രണ്ടടി മാത്രം (63 സെന്‍റിമീറ്റർ) ഉയരമുള്ള ഇന്ത്യക്കാരിയായ ജ്യോതി ആംഗെയുമാണ് ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയത്. ഉയരത്തിന്‍റെയും ഉയരക്കുറവിന്‍റെയും ഗിന്നസ് ലോക റെക്കോഡുകാരാണ് ഇവർ.

ആറ് വർഷം മുമ്പ് ഇരുവരും ചേർന്ന് ഈജിപ്തിലെ ചരിത്രപ്രസിദ്ധമായ ഗിസ പിരമിഡിന് മുന്നിൽ വെച്ച് ഫോട്ടോഷൂട്ട് നടത്തിയിരുന്നു. 41കാരനായ കോസെനും 30കാരിയായ ജ്യോതിയും ആദ്യമായി കണ്ടുമുട്ടിയത് അന്നാണ്. ഈജിപ്തിലെ വിനോദസഞ്ചാരമേഖലയുടെ പ്രചാരണത്തിന്‍റെ ഭാഗമായായിരുന്നു അന്നത്തെ ഫോട്ടോഷൂട്ട്.

 

ആറ് വർഷത്തിന് ശേഷം കലിഫോർണിയയിൽ വീണ്ടും ഒന്നിച്ചപ്പോളും കണ്ടുനിന്നവർക്കെല്ലാം കൗതുകം. കോസെൻ തന്‍റെ ഷൂ അഴിച്ച് നേരെ വെച്ചപ്പോൾ ജ്യോതിക്ക് അതിനേക്കാൾ അൽപ്പം കൂടി മാത്രം ഉ‍യരം. തുർക്കിയുടെ അനഡോലു വാർത്താ ഏജൻസിയാണ് ഇരുവരുടെയും ചിത്രം പുറത്തുവിട്ടത്. ഒരു അമേരിക്കൻ നിർമാതാവിന്‍റെ ക്ഷണപ്രകാരമാണ് ഉയരത്തിന്‍റെ റെക്കോഡുകാർ കലിഫോർണിയയിലെത്തിയത്.

 

2009ലാണ് കോസെൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. ഏറ്റവും നീളമേറിയ കൈകളുള്ള വ്യക്തിയെന്ന റെക്കോർഡും കോസെന് സ്വന്തം. 10 വയസുവരെ സ്വാഭാവിക വളർച്ചയുണ്ടായിരുന്ന കോസെന് അസുഖത്തെ തുടർന്നാണ് ഉയരം അസ്വാഭാവികമായി വർധിക്കാൻ തുടങ്ങിയത്.

 

2011ലാണ് ലോകത്തിലെ ഏറ്റവും ചെറിയ വ്യക്തിയെന്ന റെക്കോഡ് നാഗ്പൂർ സ്വദേശിയായ ജ്യോതി നേടിയത്. സിനിമയിലും വിഡിയോകളിലും അഭിനയിച്ചിട്ടുള്ള ജ്യോതി ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ അഭിനേത്രി എന്ന പദവിയും വഹിക്കുന്നു. അഭിനയത്തോടൊപ്പം മോഡലിങ്ങും ജ്യോതിയുടെ മേഖലയാണ്. ലോണാവാലയിലെ സെലബ്രിറ്റി മ്യൂസിയത്തിൽ ജ്യോതിയുടെ മെഴുക് പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. 

Tags:    
News Summary - World’s tallest man and shortest woman reunite after six years in California

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.