ഹമാസുമായി ബന്ധപ്പെട്ട നൂറുകണക്കിന് അക്കൗണ്ടുകൾ Xൽനിന്ന് നീക്കി -സി.ഇ.ഒ ലിൻഡ യാക്കാരിനോ

സാൻ ഫ്രാൻസിസ്കോ: ഹമാസുമായി ബന്ധപ്പെട്ട നൂറുകണക്കിന് അക്കൗണ്ടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സ്’ (X -മുമ്പ് ട്വിറ്റർ) നീക്കം ചെയ്തതായി എക്സ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ (സി.ഇ.ഒ) ലിൻഡ യാക്കാരിനോ. ഇതുകൂടാതെ പതിനായിരക്കണക്കിന് പോസ്റ്റുകൾ നീക്കം ചെയ്യുകയോ ലേബൽ ചെയ്യുകയോ ചെയ്‌തതായും അവർ അറിയിച്ചു.

ഹമാസ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച യൂറോപ്യൻ യൂണിയൻ വ്യവസായ മേധാവി തിയറി ബ്രെട്ടൻ, ഇവ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ‘എക്സ്’ ഉടമ ഇലോൺ മസ്‌ക്കിന് അന്ത്യശാസനം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. യൂറോപ്യൻ യൂണിയനിൽ ‘X’ നിയമവിരുദ്ധമായ ഉള്ളടക്കവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ ബ്രെട്ടൺ, യാക്കാരിനോയുടെ മറുപടി വിശകലനം ചെയ്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

യു​റോപ്യൻ യൂണിയനിൽ അടുത്തിടെ നടപ്പിലാക്കിയ ഡിജിറ്റൽ സേവന നിയമം (DSA) പൊതു സുരക്ഷക്ക് അപകടകരമായതോ നിയമവിരുദ്ധമായതോ ആയ ഉള്ളടക്കം നീക്കം ചെയ്യാൻ X, ഫേസ്ബുക് ഉൾപ്പെടെയുള്ള വലിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളോട് നിർദേശിച്ചിരുന്നു.

ഇസ്രായേൽ -ഫലസ്തീൻ സംഘർഷത്തിനു പിന്നാലെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാൻ ഫേസ്ബുക് ഉടമസ്ഥരായ ‘മെറ്റ’ കമ്പനിക്കും യൂറോപ്യൻ യൂണിയൻ വ്യവസായ മേധാവി തിയറി ബ്രെട്ടൻ അന്ത്യശാസനം നൽകിയിരുന്നു. 24 മണിക്കൂറിനകം നടപടിയെടുക്കണമെന്നായിരുന്നു ബുധനാഴ്ച നൽകിയ മുന്നറിയിപ്പ്.

Tags:    
News Summary - X removes hundreds of Hamas-affiliated accounts since attack, says CEO Linda Yaccarino

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.