ചെങ്കടലിൽ ബ്രിട്ടീഷ് എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; യു.എസ് ഡ്രോൺ വെടിവെച്ചിട്ടു

സൻആ: ചെങ്കടലിൽ ബ്രിട്ടീഷ് എണ്ണക്കപ്പലിന് നേരെ യമനിലെ ഹൂതി വിമതരുടെ മിസൈലാക്രമണം. ആൻഡ്രോമെഡ സ്റ്റാർ എന്ന ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കപ്പലിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വക്താവ് അറിയിച്ചു.

ഹൂതികളുടെ ആക്രമണം യു.എസ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലുകൾ തകർക്കാനുതകുന്ന ബാലിസ്റ്റിക് മിസൈലുകളാണ് തൊടുത്തത്. ആൻഡ്രോമെഡ സ്റ്റാറിന് ചെറിയ തകരാറുകളാണ് സംഭവിച്ചിട്ടുള്ളതെന്നും യാത്ര തുടർന്നുവെന്നും യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

യു.എസ് സൈന്യത്തിന്‍റെ എം.ക്യു-9 ഡ്രോൺ വെടിവെച്ചിട്ടതായും ഹൂതി വക്താവ് അറിയിച്ചു. ആക്രമണത്തിനുപയോഗിക്കുന്ന ഡ്രോണുകളാണിത്. ഡ്രോൺ വെടിവെച്ചിട്ട കാര്യം യു.എസ് സൈന്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, മൂന്ന് കോടി ഡോളർ വിലവരുന്ന എം.ക്യു-9 ഡ്രോൺ വെടിവെച്ചിട്ടതായി യു.എസ് ചാനലായ സി.എൻ.ബി.സി സ്ഥിരീകരിച്ചു.

നേരത്തെ, ഹൂതി വിമതരുടെ ആക്രമണത്തിൽ സാരമായ തകരാർ സംഭവിച്ച ബ്രിട്ടീഷ് ചരക്കുകപ്പൽ റൂബിമാർ ചെങ്കടലിൽ മുങ്ങിയിരുന്നു. ഫെബ്രുവരി 18നാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. സാരമായ തകരാർ സംഭവിച്ചതിനെ തുടർന്ന് ജീവനക്കാർ കപ്പലൊഴിഞ്ഞിരുന്നു. മാർച്ച് രണ്ടോടെയാണ് കപ്പൽ പൂർണമായും ചെങ്കടലിൽ മുങ്ങിയത്.

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന മനുഷ്യത്വരഹിത ആക്രമണത്തിന് മറുപടിയായാണ് യമനിലെ ഹൂതികൾ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം ശക്തമാക്കിയത്. ഇതോടെ നേരത്തെ നിരവധി ഷിപ്പിങ് കമ്പനികൾ സർവിസുകൾ നിർത്തിവെച്ചിരുന്നു. ഈയിടെയാണ് വീണ്ടും സർവിസ് തുടങ്ങിയത്.

ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കാത്തപക്ഷം ഇസ്രായേലിലേക്കുള്ള കപ്പലുകളെയും സഖ്യരാജ്യങ്ങളുടെ കപ്പലുകളെയും ലക്ഷ്യമിടുമെന്നാണ് ഹൂതികളുടെ പ്രഖ്യാപനം. ലോകത്തെ വാണിജ്യ കപ്പൽ ഗതാഗതത്തിന്‍റെ 40 ശതമാനവും ചെങ്കടൽ വഴിയുള്ളതാണ്. ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കപ്പൽപാതയാണ്. ചെങ്കടൽ വഴിയുള്ള കപ്പൽ നീക്കങ്ങൾ പ്രതിസന്ധിയിലാകുന്നത് ഇസ്രായേലിന് മേൽ വലിയ അന്താരാഷ്ട്ര സമ്മർദമുണ്ടാക്കും.

Tags:    
News Summary - Yemen’s Houthis damage oil tanker, shoot down US drone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.