ന്യൂഡൽഹി: ലോകത്ത് ജനങ്ങൾ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിലാണെന്ന് പഠനം. സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്കെയുടെ വാർഷിക ദുരിത സൂചിക (എച്ച്.എ.എം.ഐ)യിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
യുക്രെയ്ൻ, സിറിയ, സുഡാൻ തുടങ്ങിയ യുദ്ധത്തിൽ തകർന്ന രാഷ്ട്രങ്ങളെ മറികടന്നാണ് ആഫ്രിക്കൻ രാജ്യം ദുരിത പട്ടികയിൽ ഒന്നാമതെത്തിയത്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് പ്രകാരം മൊത്തം 157 രാജ്യങ്ങളെയാണ് റാങ്കിങ്ങിനായി വിശകലനം ചെയ്തത്. ഇതിൽ 103ാം സ്ഥാനത്താണ് ഇന്ത്യ.
അതിശയകരമായ പണപ്പെരുപ്പം, ഉയർന്ന തൊഴിലില്ലായ്മ, ഉയർന്ന വായ്പാ നിരക്കുകൾ, ജി.ഡി.പി വളർച്ചയിലെ കുറവ് എന്നിവയാണ് സിംബാബ്വെയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയായ സാനു പി.എഫ് പാർട്ടിയും അതിന്റെ നയങ്ങളെയും "വലിയ ദുരിതം" ഉണ്ടാക്കിയതായി ഹാങ്കെ കുറ്റപ്പെടുത്തി.
സിംബാബ്‌വെ, വെനസ്വേല, സിറിയ, ലെബനൻ, സുഡാൻ, അർജന്റീന, യെമൻ, ഉക്രെയ്ൻ, ക്യൂബ, തുർക്കി, ശ്രീലങ്ക, ഹെയ്തി, അംഗോള, ടോംഗ, ഘാന എന്നിവയാണ് ഏറ്റവും ദുരിതമനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ 15 രാജ്യങ്ങൾ.
അതേസമയം, ഏറ്റവും കുറഞ്ഞ സ്കോർ നോടിയത് സ്വിറ്റ്‌സർലൻഡിനാണ്. അതായത് അവിടെ പൗരന്മാർ ഏറ്റവും കൂടുതൽ സന്തുഷ്ടരാണ്. ഏറ്റവും സന്തുഷ്ടരായ രണ്ടാമത്തെ രാജ്യമാണ് കുവൈത്, അയർലൻഡ്, ജപ്പാൻ, മലേഷ്യ, തായ്‌വാൻ, നൈജർ, തായ്‌ലൻഡ്, ടോഗോ, മാൾട്ട എന്നിവയാണ് തൊട്ടു പിന്നിൽ. പട്ടികയിൽ 134-ാം സ്ഥാനത്താണ് അമേരിക്ക. ജോൺ ഹോപ്കിൻസ് യൂനിവേഴ്സിറ്റിയിലെ അപ്ലൈഡ് എകണോമിക്സ് പ്രഫസറാണ് സറ്റീവ് ഹാങ്കെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.