തിരുവനന്തപുരം: പൊക്കാളി നെല്ലിന് അടിസ്ഥാന വിലനിശ്ചയിച്ച് സപ്ലൈകോ വഴി സംഭരിക്കണമെന്ന് എറണാകുളം ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട്. പൊക്കാളികൃഷി നടത്തുന്ന പ്രദേശങ്ങളിലെ സഹകരണ സംഘങ്ങളുടെ ഒരു കൺസോർഷ്യം രൂപീകരിച്ച് നെല്ല് സംഭരണം നടത്താൻ സർക്കാർ നിർദേശം നൽകണം.
സർക്കാരിന്റെയും, കടമക്കുടി, ഇടപ്പള്ളി ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെയും സാമ്പത്തിക സഹായത്താൽ 110 ഹെക്ടറോളം സ്ഥലത്ത് പൊക്കാളി നെൽകൃഷിയുണ്ട്. 1,400 ക്വിന്റലോളം നെൽ ഈ വർഷം ഉൽപാദിപ്പിച്ചിരുന്നു. ഒരേക്കർ സ്ഥലത്ത് പൊക്കാളി നെൽകൃഷി നടത്തുവാനുള്ള ചെലവ് ശരാശരി 50,000 രൂപയാണ്. 600-700 കിലോ നെല്ല് ഈ ഒരേക്കറിൽ നിന്നും ശരാശരി ലഭിക്കും.
കർഷകന് കിലോക്ക് നെല്ലിന് 60 രൂപയെങ്കിലും ലഭിക്കണം. എന്നാൽ, നിലവിൽ സപ്ലൈക്കോ സംഭരിക്കുന്നത് കിലോക്ക് നെല്ലിന് 28.50 രൂപക്കാണ്. ഈ വില കർഷകന് പര്യാപ്തമല്ല. പൊക്കാളി നെല്ല് കുത്തി അരിയാക്കുവാൻ അവിടുത്തെ കർഷകർ പാലക്കാട് ജില്ലയിലെ മില്ലുകളെയാണ് ആശ്രയിക്കുന്നത്. എറണാകുളം ജില്ലയിലെ പള്ളിയാക്കൽ സഹകരണ ബാങ്കിലെ മിൽ ഇതിന് പര്യാപ്തമായിരുന്നു. എന്നാൽ, മിൽ പ്രവർത്തന രഹിതമാണ്.
ഈ സാഹചര്യത്തിൽ സഹകരണ വകുപ്പിന്റെ നേത്യത്വത്തിൽ സഹകരണ ബാങ്കുകളുടെ ഒരു കൺസോർഷ്യം രൂപീകരിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ വഴിയോ മറ്റോ പൊക്കാളി നെല്ല് കിലോക്ക് 60 രൂപ നിരക്കിൽ സംഭരിക്കണം. പൊക്കാളി നെല്ല് കുത്തി അരിയാക്കുവാനുള്ള ജില്ലയിലെ മില്ല് പ്രവർത്തനക്ഷമമാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
കണയന്നൂർ, വടക്കൻ പറവൂർ, കൊച്ചി എന്നീ താലൂക്കുകളില പ്രദേശങ്ങളിലാണ് പൊക്കാളി കൃഷിയുള്ളത്. ഇതിൽ തന്നെ കണയന്നൂർ താലൂക്കിലെ കടമക്കുടി ഗ്രാമപഞ്ചായത്തിലാണ് പൊക്കാളി കൃഷി കൂടുതലായി നടക്കുന്നത്. ഈ പ്രദേശത്തെ കോരമ്പാടം സഹകരണ ബാങ്ക് കഴിഞ്ഞ വർഷങ്ങളിൽ ഈ നെല്ല് സംഭരിച്ചിരുന്നു. സർക്കാരിന്റെയും പഞ്ചായത്തിന്റെയും ഇടപെടൽ മൂലം പൊക്കാളി കൃഷി ഈ വർഷം കൂടുകയും ഉത്പാദനം വൻതോതിൽ വർധിക്കുകയും ചെയ്തിട്ടുണ്ട്.
കോരമ്പാടം എസ്.സി.ബി. നെല്ല് സംഭരിച്ച് അരി, പച്ചരി, പുട്ടിപൊടി മറ്റ് ഉത്പന്നങ്ങൾ എന്നിവ ഗ്രാമിക എന്ന ബ്രാൻഡിൽ മാർക്കറ്റ് ചെയ്യുന്നു. കർഷകരിൽ നിന്നും ഇവർ സംഭരിക്കുന്ന നെല്ല് പാലക്കാട് കൊണ്ടു പോയി അരിയാക്കുകയാണ് അപ്പോൾ ചെയ്യുന്നത്. ഈ വർഷം കർഷകരിൽ നിന്നും 55 രൂപ വിലയിൽ 100 ക്വിന്റൽ നെല്ല് കോരമ്പാടം എസ്.സി.ബി സംഭരിച്ചു. ബാങ്കിന്റെ നെൽസംഭരണ ശേഷി നിലവിലെ നെല്ല് ഉത്പാദനവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണ്.
അതിനാൽ നെല്ല് ഘട്ടം ഘട്ടമായി മാത്രമേ ബാങ്കിന് സംഭരിക്കുവാൻ സാധിക്കുകയുള്ളൂ. സർക്കാർ നടപ്പിലാക്കാൻ ഉദേശിക്കുന്ന അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി പ്രകാരം ഗോഡൗൺ നിർമാണത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജില്ലയിലെ പറവൂർ താലൂക്കിലെ പള്ളിയാക്കൽ സഹകരണ ബാങ്ക്, പറവൂർ വടക്കേക്കര സഹകരണ ബാങ്ക്, വടക്കേക്കര സഹകരണ ബാങ്ക് എന്നീ സംഘങ്ങൾ സ്വന്തം നിലയിൽ പൊക്കാളി കൃഷി നടത്തുകയും, പൊക്കാളി നെൽ കർഷകരിൽ നിന്നും നല്ല് സംഭരിക്കുകയും ചെയ്യുന്നുണ്ട്.
പള്ളിയാക്കൽ സഹകരണ ബാങ്ക് പൊക്കാളി ഉൽപന്നങ്ങൾ കോപ്മാർട്ട് വഴിയാണ് വിതരണം നടത്തുന്നത്. പൊക്കാളിയുടെ ചെലവ് ഉയർന്നതാണ്. അതിനാൽ കർഷകർക്ക് കൃഷിയിലുള്ള താത്പര്യം കുറയുന്നു. ഇത് ഒഴിവാക്കുന്നത് നെല്ലിന് അടിസ്ഥാന വിലനിശ്ചയിച്ച് സപ്ലൈകോ വഴി സംഭരിക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.